TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE

TMJ Daily

സംസ്ഥാനം കൊടും വരള്‍ച്ചയിലേക്ക്; ഇതുവരെ 35% മഴക്കുറവ് 

01 Aug 2023   |   1 min Read
TMJ News Desk

സംസ്ഥാനത്ത് ഈ വര്‍ഷം രേഖപ്പെടുത്തിയ കാലവര്‍ഷത്തില്‍ 35 ശതമാനത്തിന്റെ കുറവെന്ന് റിപ്പോര്‍ട്ട്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ 130.1 സെന്റീമീറ്റര്‍ മഴയാണ് പൊതുവെ ലഭിക്കേണ്ടത്. എന്നാല്‍ ഇക്കുറി 85.2 സെന്റീമീറ്റര്‍ മഴ മാത്രമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണ്‍ മാസത്തില്‍ 64.7 സെന്റീമീറ്ററും ജൂലൈ മാസത്തില്‍ 65.7 സെന്റീമീറ്ററുമാണ് മഴ ലഭിക്കേണ്ടത്. എന്നാല്‍ ജൂണില്‍ 26 സെന്റീമീറ്ററും ജൂലൈയില്‍ 59.2 സെന്റീമീറ്റര്‍ മഴയുമാണ് രേഖപ്പെടുത്തിയത്. 

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള നാലു മാസത്തെ കാലവര്‍ഷപ്പെയ്ത്തില്‍ 201.86 സെന്റീമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ലഭിക്കേണ്ടത്. കഴിഞ്ഞ വര്‍ഷം 173.6 സെന്റീമീറ്റര്‍ മഴയാണ് ലഭിച്ചത്.  ഇക്കുറി ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലും സാധാരണയില്‍ കുറവായിരിക്കും മഴ ലഭ്യമാവുകയെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.

മന്ദമായി മണ്‍സൂണ്‍ 

കഴിഞ്ഞ 47 വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് മഴയാണ് ഇത്തവണ ജൂണില്‍ പെയ്തത്. 1900 മുതല്‍ 2023 വരെയുള്ള 123 വര്‍ഷത്തിനിടയില്‍ ഏറ്റവും കുറഞ്ഞ മഴ ലഭിച്ച മൂന്നാമത്തെ ജൂണ്‍ മാസമാണ് കടന്നുപോയത്. 60 ശതമാനം മഴക്കുറവാണ് ജൂണില്‍ രേഖപ്പെടുത്തിയത്. ശരാശരി 648 മില്ലീമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ജൂണില്‍ ലഭിക്കേണ്ടതെങ്കില്‍ ഇത്തവണ 240.99 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. 

കാസര്‍ഗോഡ്, കൊല്ലം, പാലക്കാട് ജില്ലകള്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും ഇക്കുറി മഴ കുറവാണ് ലഭിച്ചത്. കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്,1,602.5 മില്ലിമീറ്റര്‍. എങ്കിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം കുറവ് മഴയാണ് കാസര്‍ഗോഡും പെയ്തത്. ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. ഇടുക്കിയില്‍ 52 ശതമാനവും, വയനാട് 48 ശതമാനം, കോഴിക്കോട് 48 ശതമാനവും മഴയാണ് ലഭിച്ചത്. 

ഈ വര്‍ഷത്തെ മഴക്കുറവിന് ബിപര്‍ജോയ് ചുഴലിക്കാറ്റ് കാരണമായെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കാലവര്‍ഷക്കാറ്റിന്റെ ശക്തിക്കുറവും മഴക്കുറവിന് കാരണമായതായി പറയപ്പെടുന്നു. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ മഴയുടെ തോത് ഉയര്‍ന്നില്ലെങ്കില്‍ സംസ്ഥാനത്തെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയാകും. ജലദൗര്‍ലഭ്യത്തോടൊപ്പം വൈദ്യുതോത്പ്പാദനവും പ്രതിസന്ധിയിലാകും.


#Daily
Leave a comment