TMJ
searchnav-menu
post-thumbnail

സ്പാനിഷ് ലേബർ മിനിസ്റ്റര്‍ യോലാന്‍ഡ ഡയസ്

TMJ Daily

ആഴ്ചയില്‍ 37.5 മണിക്കൂര്‍ ജോലി മതി; ശമ്പളം കുറയ്ക്കില്ലെന്ന് സ്‌പെയിന്‍

05 Feb 2025   |   1 min Read
TMJ News Desk

ഴ്ചയില്‍ നിയമപരമായി ജോലി ചെയ്യേണ്ട മണിക്കൂറുകള്‍ 37.5 ആയി കുറയ്ക്കാന്‍ സ്‌പെയിന്‍ തീരുമാനിച്ചു. തൊഴില്‍ദാതാക്കളുടെ അസോസിയേഷനുകളുടെ എതിര്‍പ്പ് ഇതിനെതിരെ ഉയരുന്നുണ്ട്. എന്നാല്‍ അത് വകവയ്ക്കാതെ സ്‌പെയിനിലെ സഖ്യകക്ഷി സര്‍ക്കാരിന്റെ ഈ പ്രധാന വാഗ്ദാനം നടപ്പിലാക്കാനാണ് തീരുമാനം.

നിലവില്‍ 40 മണിക്കൂര്‍ ആണ് പ്രവൃത്തി സമയം. സമയം കുറയ്ക്കാനുള്ള തീരുമാനം മന്ത്രിസഭ അംഗീകരിക്കുകയും തൊഴില്‍ മന്ത്രി യോലാന്‍ഡ ഡയസ് ഒപ്പുവയ്ക്കുകയും ചെയ്തു.

കൂടുതല്‍ മികച്ച ജീവിതം, കുറഞ്ഞ ജോലി, കൂടുതല്‍ ഉല്‍പാദന ക്ഷമതയും സാമ്പത്തികമായി കൂടുതല്‍ കാര്യക്ഷമതയും കൈവരിക്കുന്നതിനുള്ളതാണ് ഈ നിര്‍ദ്ദേശമെന്ന് ഡയസ് പറഞ്ഞു.

മന്ത്രി എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചെങ്കിലും പാര്‍ലമെന്റിന്റെ അനുമതി ലഭിക്കണം. എന്നാല്‍, സോഷ്യലിസ്റ്റ് പ്രധാനമന്ത്രിയായ പെദ്രോ സാഞ്ചസ് നയിക്കുന്ന മധ്യ- ഇടത് സര്‍ക്കാരിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ല.

സാഞ്ചസിന് പിന്തുണ നല്‍കുന്നതിനായി യോലാന്‍ഡ ഡയസിന്റെ പാര്‍ട്ടിയായ തീവ്ര ഇടതുപക്ഷ പാര്‍ട്ടിയായ സുമാര്‍ മുന്നോട്ടുവച്ച ആവശ്യമാണ് തൊഴില്‍ സമയം കുറയ്ക്കുകയെന്നത്. 2025 അവസാനത്താടെ തൊഴില്‍ സമയം കുറയ്ക്കാനാണ് പദ്ധതി.

എന്നാല്‍ തൊഴില്‍ ദാതാക്കളെ കൂടാതെ മധ്യ-വലതുപക്ഷ പാര്‍ട്ടിയായ കറ്റാലന്‍ സെപറേറ്റിസ്റ്റ് പാര്‍ട്ടിയും പ്രതിഷേധം ഉയര്‍ത്തിക്കഴിഞ്ഞു. സ്‌പെയിനിലെ സ്ഥാപനങ്ങളുടെ ചെലവ് വര്‍ദ്ധിപ്പിക്കുമെന്നും മത്സരക്ഷമതയെ ബാധിക്കുമെന്നും തൊഴില്‍ദാതാക്കളുടെ അസോസിയേഷന്‍ വാദിക്കുന്നു. ഉയര്‍ന്ന തൊഴില്‍ചെലവ് ഇന്ധന വില വര്‍ദ്ധിക്കുന്നതിനും തൊഴില്‍ അവസരങ്ങള്‍ കുറയ്ക്കുന്നതിനും ഇടയാക്കുമെന്നും വാദം ഉണ്ട്.





#Daily
Leave a comment