
അജിത്കുമാർ നടപടി നേരിടുന്നത് രണ്ടാംതവണ
എഡിജിപി എം.ആർ അജിത്കുമാർ നടപടി നേരിടുന്നത് രണ്ടാംതവണ. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ അനുനയിപ്പിക്കാൻ ഇടനിലക്കാരനുമായി ഫോണിൽ സംസാരിച്ചുവെന്ന ആരോപണത്തിന് പിന്നാലെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് അജിത്കുമാറിനെ മാറ്റിയിരുന്നു. തൃശൂർ പൂരം വിവാദം, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ വിഷയങ്ങളെ തുടര്‍ന്ന് അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നാണ് നിലവിൽ നീക്കിയിരിക്കുന്നത്.
2022 ജൂണിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് അജിത് കുമാറിനെ വിജിലൻസിൽനിന്ന് മാറ്റിയത്. പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് മേധാവി സ്ഥാനമാണ് പിന്നീട് നൽകിയത്.
നിലവിലുള്ള ഇന്റലിജൻസ് സംവിധാനത്തിന് പുറമേ ജില്ലകളിൽനിന്ന് തനിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതും വിവാദമായിരുന്നു. ശബരിമലയിൽ കഴിഞ്ഞ മണ്ഡലകാലത്ത് ഭക്തർക്കുണ്ടായ ബുദ്ധിമുട്ടുകളിലും അജിത് കുമാറിനുനേരേ ആരോപണമുയർന്നിരുന്നു. മലപ്പുറത്തെ സ്വർണ വിവാദത്തിലും കോഴിക്കോട് മാമി തിരോധാനക്കേസിലുമൊക്കെ പി.വി അൻവർ അജിത് കുമാറിനെതിരേ ആരോപണമുന്നയിച്ചു. തൃശ്ശൂർപ്പൂരം വിവാദത്തിലും അജിത് കുമാർ സംശയത്തിന്റെ നിഴലിലായി. ആർഎസ്എസ് നേതാക്കളായ ദത്താത്രേയ ഹൊസബാളെ, രാം മാധവ്, വത്സൻ തില്ലങ്കേരി തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചയും വിവാദമായി.