
ഈ ഭ്രാന്ത് തുടരാനാവില്ല, യുദ്ധം അവസാനിപ്പിക്കണമെന്ന് പലസ്തീന്‍ പ്രസിഡന്റ് അബ്ബാസ് യുഎന്നിനോട് ആവശ്യപ്പെട്ടു
ഇസ്രായേല്‍ പലസ്തീനിലെ ഗാസ മുനമ്പില്‍ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് വ്യാഴാഴ്ച്ച നടന്ന യുഎന്‍ ജനറല്‍ അസംബ്ലിയോട് അഭ്യര്‍ത്ഥിച്ചു. ഇസ്രായേല്‍ ഗാസയെ ഏതാണ്ട് പൂര്‍ണ്ണമായും നശിപ്പിച്ചെന്നും അവിടം ഇനി ജീവിക്കാന്‍ യോഗ്യമല്ലെന്നും പറഞ്ഞു. 'ഈ ഭ്രാന്ത് തുടരാനാവില്ല ഞങ്ങളുടെ ജനങ്ങള്‍ക്ക് സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് ലോകം മുഴുവന്‍ ഉത്തരവാദികളാണ്' 193 അംഗ ജനറല്‍ അസംബ്ലിയില്‍ അദ്ദേഹം പറഞ്ഞു.
ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ പലസ്തീന്‍ പ്രദേശങ്ങള്‍ തകരുകയാണ്. അവിടെയുള്ള 2.3 ദശലക്ഷം ആളുകളാണ് അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ടത്. മാരകമായ പട്ടിണിയും രോഗവും കാരണം 41,000 ത്തിലധികം ആളുകളെ അവിടെ കൊലപ്പെടുത്തിയെന്ന് പലസ്തീന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
2023 ഒക്ടോബര്‍ 7 ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിലെ 1,200 പേര്‍ കൊല്ലപ്പെടുകയും 250 ല്‍ അധികം ബന്ദികളെ ഗാസയിലേക്ക് കൊണ്ടുപോകുകയും ചെയ്തതോടെയാണ് യുദ്ധം ആരംഭിച്ചത്.അമേരിക്കയും, ഖത്തറും, ഈജിപ്തും ഹമാസിന്റെ പിടിയിലിരിക്കുന്ന ബന്ദികളെ മോചിപ്പിക്കാനും വെടിനിര്‍ത്തല്‍ കരാര്‍ നല്‍കാനും പരാജയപ്പെട്ടു.
ഗാസയില്‍ സമഗ്രവും സ്ഥിരവുമായ വെടിനിര്‍ത്തലിന് അബ്ബാസ് ആഹ്വാനം ചെയ്തു. വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും ഇസ്രായേല്‍ കുടിയേറ്റക്കാരുടെ ആക്രമണം അവസാനിപ്പിക്കുക, ഗാസയിലുടനീളം സഹായം എത്തിക്കുക, പലസ്തീന്‍ എന്‍ക്ലേവില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പൂര്‍ണ്ണമായും പിന്‍വലിക്കുക തുടങ്ങിയ ആവിശ്യങ്ങള്‍ അദ്ദേഹം യുഎന്‍ അസംബ്ലിയില്‍ പറഞ്ഞു. ബഫര്‍ സോണുകള്‍ സ്ഥാപിക്കുന്നതിനോ ഗാസയില്‍ നിന്ന് ഏതെങ്കിലും ഭാഗം എടുക്കുന്നതിനോ യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാസയുടെ ഒരു സെന്റിമീറ്റര്‍ പോലും എടുക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പലസ്തീന്‍ രാഷ്ട്രം ഗാസ മുനമ്പിലെ അതിന്റെ ഉത്തരവാദിത്തങ്ങള്‍ വഹിക്കുകയും, അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ പ്രത്യേകിച്ച് റഫ അന്താരാഷ്ട്ര അതിര്‍ത്തി ഉള്‍പ്പെടെയുള്ള അധികാര പരിധികള്‍ വേണമെന്നും അബ്ബാസ് പറഞ്ഞു. താന്‍ നയിക്കുന്ന എല്ലാ പലസ്തീന്‍ പ്രദേശങ്ങളുടെയും നിയന്ത്രണം ഉണ്ടായിരിക്കണമെന്നും യുദ്ധം അവസാനിച്ചാല്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അബ്ബാസ് ഐക്യരാഷ്ട്രസഭയിലായിരിക്കുമ്പോള്‍ മാത്രമാണ് സമാധാനപരമായ പരിഹാരത്തെക്കുറിച്ച് സംസാരിച്ചതെന്നും യുദ്ധത്തിന് കാരണമായ ഹമാസ് തീവ്രവാദികളുടെ ഒക്ടോബര്‍ 7 ലെ ആക്രമണത്തെ അപലപിക്കുന്നതില്‍ പരാജയപ്പെട്ടെന്നും യുഎന്നിലെ ഇസ്രായേല്‍ പ്രതിനിധി ഡാനി ഡാനന്‍ ആരോപിച്ചു.