‘അയ്യപ്പനോട് കളിച്ചിട്ടുള്ളവർ രക്ഷപ്പെട്ടിട്ടില്ല; യുഡിഎഫ് ചരിത്രവിജയം നേടും’: രമേശ് ചെന്നിത്തല
തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ വിജയ പ്രതീക്ഷകൾ പങ്കുവച്ച് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തിൽ സർക്കാർ വിരുദ്ധ വികാരം ശക്തമാണെന്നും, തദ്ദേശ തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുമെന്നും, യുഡിഎഫ് ചരിത്രവിജയം നേടുമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
‘2010-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 70 ശതമാനത്തോളം പഞ്ചായത്തുകളിൽ യുഡിഎഫ് വിജയിച്ചു. അതിനേക്കാൾ വലിയ വിജയം 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടും. ശബരിമലയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ സർക്കാരിനോടും, സർക്കാരിന് നേതൃത്വം കൊടുക്കുന്നവരോടും വലിയ പ്രതിഷേധത്തിലാണ്,’ രമേശ് ചെന്നിത്തല പറഞ്ഞു.
‘ശബരിമല സ്വർണപ്പാളി വിഷയത്തിൽ ഉന്നതർ ഇനിയും അറസ്റ്റിലാവാനുണ്ട്. അവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. കോടാനുകോടി ഭക്തജനങ്ങളുടെ വികാരത്തെ ഇത് വ്രണപ്പെടുത്തി. വിലക്കയറ്റം കൊണ്ടും, തൊഴിലില്ലായ്മ കൊണ്ടും കഷ്ടപ്പെടുന്ന ജനങ്ങൾ ഈ സർക്കാരിന് എങ്ങനെ വോട്ട് ചെയ്യും? സർക്കാർ വിരുദ്ധ വികാരം ശക്തമാണ്. ഈ വസ്തുതകൾ നിലനിൽക്കേ യുഡിഎഫിന് ചരിത്രവിജയമുണ്ടാകുമെന്ന് എനിക്ക് പൂർണവിശ്വാസമുണ്ട്,’ അദ്ദേഹം കൂട്ടിച്ചേർത്തു.


