TMJ
searchnav-menu
post-thumbnail

TMJ Daily

ഓസ്‌ട്രേലിയൻ കടൽത്തീരത്ത് ചത്തൊടുങ്ങി ആയിരക്കണക്കിന് കടൽപക്ഷികൾ; കാരണം കണ്ടെത്താനാകാതെ ഗവേഷകർ 

11 Nov 2024   |   1 min Read
TMJ News Desk

സ്‌ട്രേലിയയിലെ കിഴക്കൻ കടൽത്തീരത്ത് ആയിരക്കണക്കിന് കടൽപ്പക്ഷികൾ ചത്തുവീഴുന്നതിന്റെ കാരണം കണ്ടെത്താനാവാതെ ഗവേഷകർ. ഒക്ടോബർ അവസാനം മുതൽ യൂല അല്ലെങ്കിൽ മട്ടൺബേഡ്സ് എന്നറിയപ്പെടുന്ന പക്ഷികളുടെ ജഡങ്ങൾ, തെക്കുകിഴക്കൻ ക്വീൻസ്ലാൻഡിലെ ബീച്ചുകളിലും, ന്യൂ സൌത്ത് വെയിൽസിലും, വിക്ടോറിയയിലുമായി കണ്ടെത്തിയിരുന്നു.

മരിച്ച പക്ഷികളെല്ലാം ക്ഷീണിച്ച നിലയിലാണ് കാണപ്പെട്ടത്. ആവശ്യത്തിന് ഭക്ഷണം കണ്ടെത്താൻ മൃഗങ്ങൾ ബുദ്ധിമുട്ടുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നതായി ഗവേഷകയായ ജെന്നിഫർ ലാവേഴ്സ് പറഞ്ഞു.

എത്ര പക്ഷികൾ ചത്തുവെന്നോ, അത് സ്വാഭാവികമാണോ കൂട്ടമരണമാണോ എന്ന് മനസ്സിലാക്കുന്നത് ഏറെ പ്രയാസകരമാണെന്ന് കടൽപ്പക്ഷികളെ പറ്റി ഗവേഷണം നടത്തുന്ന ടാസ്മാനിയ സർവകലാശാലയിലെ മറൈൻ ആൻഡ് അൻ്റാർട്ടിക് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ലോറൻ റോമൻ പറഞ്ഞു. 

എന്നാൽ യഥാർത്ഥത്തിൽ പക്ഷികളുടെ മരണമാണോ വർധിച്ചത്, അതോ സമൂഹമാധ്യമ ഉപയോഗം കൊണ്ട് ആളുകൾക്ക് ജീവജാലങ്ങളോടുള്ള അവബോധമാണോ വർധിച്ചത് എന്ന കാര്യം സംശയിക്കേണ്ടതുണ്ടെന്ന് ലോറൻ പറഞ്ഞു. നൂറ് കിലോമീറ്ററിലധികം അകലെയുള്ള കടൽത്തീരത്തോ, ടാസ്‌മാൻ കടലിന്റെ നടുവിലോ പക്ഷികൾ കൂട്ടമായി മരിച്ചു കിടക്കുകയാണെങ്കിൽ ഞങ്ങൾക്ക് അറിയാൻ കഴിയില്ല എന്നും അവർ പറഞ്ഞു. മുൻകാലങ്ങളേക്കാൾ കൂടുതൽ മരണങ്ങൾ ഉണ്ടോ ഇല്ലയോ എന്നത് കണക്കാക്കുന്നത് വളരെ ബുദ്ധിമുട്ടേറിയതാണെന്ന് അവർ വ്യക്തമാക്കി.

വേഗത്തിൽ പകരുന്ന എച്ച് 5 എൻ 1 ഫ്ലൂ സ്‌ട്രെയ്‌നിനെക്കുറിച്ച് അധികൃതർ ജാഗ്രത പുലർത്തിയിരുന്നു. പക്ഷേ ഓസ്‌ട്രേലിയയിലോ, പ്രാദേശിക ബീച്ചുകളിലോ കാണപ്പെടുന്ന കടൽപക്ഷികളിൽ ഇത് ഇതുവരെ കണ്ടെത്തിയിട്ടില്ല. ദീർഘായുസ്സുള്ള കടൽപ്പക്ഷികളുടെ കൂട്ടമരണം അസാധാരണമാണ്. 2013 ൽ പസഫിക് സമുദ്രത്തിൽ ദശലക്ഷക്കണക്കിന് കടൽപക്ഷികളാണ് ദ ബ്ലോബ് എന്ന അസാധാരണമായ ചൂട് കാരണം ചത്തൊടുങ്ങിയത്.

പക്ഷികൾ മരണപ്പെടുന്നത് ഹൃദയഭേദമാണെങ്കിലും, ആളുകൾ ഇതിൽ പരിഭ്രാന്തരാകേണ്ടതില്ല എന്ന് ലോറൻ അറിയിച്ചു. കടൽത്തീരത്ത് പോകുന്നവർ ചത്ത പക്ഷികളെ സ്പർശിക്കുന്നതോ, വളർത്തുമൃഗങ്ങളെ അവയുമായി ഇടപഴകാൻ അനുവദിക്കുന്നതോ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.


#Daily
Leave a comment