
ട്രംപിനെതിരെ പ്രതിഷേധവുമായി ആയിരങ്ങള്‍ വാഷിങ്ടണില്‍
നാളെ യുഎസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധവുമായി രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും ആയിരങ്ങള്‍ അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണില്‍ എത്തി. രണ്ട് ദിവസമായി ഇവിടേക്കുള്ള ട്രംപ് പ്രതിഷേധകരുടെ ഒഴുക്ക് തുടരുകയാണ്.
ജോ ബൈഡന്റെ പിന്‍ഗാമിയായിട്ടാണ് ട്രംപ് ചുമതലയേല്‍ക്കുന്നത്. ട്രംപിന്റെ നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധവുമായിട്ടാണ് ഇവര്‍ എത്തുന്നത്. തെക്കന്‍ ഏഷ്യയില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ സംഘടനയായ സഖി, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ എന്നിവയുടെ സഖ്യം ജനങ്ങളുടെ മാര്‍ച്ച് എന്ന പേരിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
ട്രംപ് വിരുദ്ധ ബാനറുകളുമായി തെരുവിലെത്തിയ ഇവര്‍ ട്രംപ് വിരുദ്ധ മുദ്രാവാക്യങ്ങളും ഉയര്‍ത്തുന്നുണ്ട്. കൂടാതെ, ട്രംപിനെ പിന്തുണയ്ക്കുന്ന ഇലോണ്‍ മസ്‌കിനെതിരേയും പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കുന്നു. ട്രംപ് ആദ്യമായി അധികാരമേറ്റ 2017 ജനുവരിയിലും ഇതേ സംഘം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
മൂന്ന് വ്യത്യസ്ത പാര്‍ക്കുകളില്‍ നിന്നും ആരംഭിച്ച മൂന്ന് പ്രതിഷേധങ്ങള്‍ ലിങ്കണ്‍ പാര്‍ക്കില്‍ ഒത്തുചേര്‍ന്നു. അബോര്‍ഷര്‍ ആക്ഷന്‍ നൗ, ടൈം ടു ആക്ട്, സിസ്റ്റര്‍സോങ്, വിമന്‍സ് മാര്‍ച്ച്, പോപ്പുലര്‍ ഡെമോക്രസി ഇന്‍ ആക്ഷന്‍, ഹാരിയറ്റ്‌സ് വൈല്‍ഡസ്റ്റ് ഡ്രീംസ്, ദി ഫെമിനിസ്റ്റ് ഫ്രണ്ട്, നൗ, പ്ലാന്‍ഡ് പാരന്റ്ഹുഡ് തുടങ്ങിയ സംഘടനകള്‍ പ്രതിഷേധ കൂട്ടായ്മയില്‍ ഉണ്ട്.