TMJ
searchnav-menu
post-thumbnail

PHOTO: WIKI COMMONS

TMJ Daily

പുതിയ മാറ്റങ്ങളുമായി ത്രെഡ്സ്, പോസ്റ്റുകള്‍ക്ക് വേണ്ടി പ്രത്യേക ഹോം ഫീഡ് തയ്യാറാക്കും

12 Jul 2023   |   2 min Read
TMJ News Desk

പയോക്താക്കളുടെ പരാതിയെ തുടര്‍ന്ന് മാറ്റങ്ങള്‍ക്കൊരുങ്ങി മെറ്റ ത്രെഡ്സ്. പോസ്റ്റുകള്‍ക്ക് വേണ്ടി പ്രത്യേക ഹോം ഫീഡ് തയ്യാറാക്കും. പുതിയതായി പുറത്തിറങ്ങിയ ആപ്ലിക്കേഷനില്‍ അപ്ഡേഷന്റെ ഭാഗമായാണ് ഈ മാറ്റവും. പുതിയ ഫീഡിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും കാലക്രമത്തില്‍ പോസ്റ്റുകള്‍ കാണിക്കുന്ന രീതിയിലായിരിക്കും പ്രവര്‍ത്തനരീതിയെന്നും അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ത്രെഡ്സിലെ മാറ്റങ്ങളുടെ ലിസ്റ്റില്‍ പുതിയ ഫീഡ് ഉണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു.

നിലവില്‍ ത്രെഡ്സ് അല്‍ഗോരിതം മുഖാന്തരമാണ് ഉപയോക്താകള്‍ക്ക് പോസ്റ്റുകള്‍ കാണുവാന്‍ സാധിക്കുന്നത്. അതിന് പകരം വ്യക്തിപരമായി ഫോളോ ചെയ്യുന്ന അക്കൗണ്ടുകളില്‍ നിന്നുള്ള പോസ്റ്റുകള്‍ കാണാനാണ് ഉപയോക്താകള്‍ ആഗ്രഹിക്കുന്നത്. ഇത്തരത്തിലുള്ള പരാതികളെ തുടര്‍ന്നാണ് അടിയന്തരമായി മാറ്റങ്ങള്‍ കൊണ്ടു വരാന്‍ മെറ്റയും ത്രെഡ്സും തയ്യാറായത്. വാര്‍ത്തകള്‍ പ്രകാരം ത്രെഡ്സ് ഇതിനോടകം 10 കോടി ഉപയോക്താകളെ നേടിക്കഴിഞ്ഞു.

പുതിയ അപ്ഡേറ്റുകള്‍

തുടര്‍ച്ചയായ അപ്ഡേറ്റുകളുടെ ഭാഗമായി പോസ്റ്റുകള്‍ എഡിറ്റ് ചെയ്യല്‍, വിവിധ ഭാഷകളിലേക്കുള്ള വിവര്‍ത്തനം, വ്യത്യസ്ത അക്കൗണ്ടുകള്‍ തമ്മില്‍ സ്വിച്ച് ചെയ്യുക എന്നീ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്. Threads.net മുഖേന ത്രെഡ്സിന്റെ വെബ് പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ കഴിയുമെങ്കിലും ഡെസ്‌ക് ടോപ്പ് ഇന്റര്‍ഫേസ് ഉണ്ടായിരുന്നില്ല. ആപ്പ് മുഖേന മാത്രമായിരുന്നു പോസ്റ്റുകള്‍ പരസ്യപ്പെടുത്താന്‍ സാധിക്കുന്നത്. ഈ പ്രശ്നത്തിനും പരിഹാരം തേടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ആപ്ലിക്കേഷന്റെ ലോഞ്ച് സമയത്ത് സെര്‍ച്ച് ഓപ്ഷന്‍ ഇല്ലായിരുന്നെങ്കിലും ഉടനടി തന്നെ പരിഹരിക്കുകയുണ്ടായി. എന്നാല്‍ ത്രെഡ്സിന്റെ പ്രധാന വെല്ലുവിളി, ത്രെഡ്സ് അക്കൗണ്ട് ഡിലീറ്റ് ചെയ്യണമെങ്കില്‍ ബന്ധപ്പെട്ടിരിക്കുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കൂടി ഡിലീറ്റ് ചെയ്യേണ്ടി വരുമെന്നുള്ളതാണ്. ഈ പ്രശ്നത്തെയും മെറ്റ പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നാണ് സൂചനകള്‍. മെറ്റ ത്രെഡ്സ് പുറത്തിറക്കിയപ്പോള്‍ തന്നെ ഫെഡിവേഴ്സ് എന്ന മറ്റൊരു ആശയവും അവര്‍ മുന്നോട്ട് വച്ചിരുന്നു. മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുമായി ആശയവിനിമയം നടത്തുക എന്നതായിരുന്നു ഫെഡിവേഴ്സ് കൊണ്ടുള്ള ഉദ്ദേശം. അധിക സമയമില്ലാതെ ഈ അപ്ഡേറ്റുകളെല്ലാം ത്രെഡ്സില്‍ സജീവമാക്കുമെന്നാണ് ഉപയോക്താകളുടെ വിശ്വാസം.

ത്രെഡ്സ് V/S ട്വിറ്റര്‍

രണ്ട് ആപ്ലിക്കേഷനുകളും തമ്മില്‍ പ്രത്യക്ഷത്തില്‍ രൂപഭാവ സാമ്യങ്ങളുണ്ടെങ്കിലും ഇവയുടെ പ്രവര്‍ത്തനരീതിയില്‍ മാറ്റങ്ങളുണ്ട്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാന്‍ കഴിയുന്ന പരമാവധി വാക്കുകളുടെ എണ്ണം 280 ആണെങ്കില്‍ ത്രെഡ്സില്‍ പോസ്റ്റ് ചെയ്യാന്‍ കഴിയുന്ന വാക്കുകളുടെ എണ്ണം 500 ആണ്. ലിങ്കുകളും ഫോട്ടോകളും രണ്ട് ആപ്ലിക്കേഷനിലും പരിമിതി ഇല്ലാതെ പോസ്റ്റ് ചെയ്യാന്‍ കഴിയുന്നതാണ്. ത്രെഡ്‌സില്‍ 5 മിനിറ്റ് ദൈര്‍ഘ്യം ഉള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ കഴിയും. പക്ഷേ, ട്വിറ്ററിലിത് 2 മിനിറ്റ് 20 സെക്കന്റസ് മാത്രമാണ്. ട്വിറ്ററില്‍ എഡിറ്റ്, ഡിലീറ്റ്, നേരിട്ടുള്ള സന്ദേശമയക്കല്‍, ട്രെന്‍ഡിംഗ് സ്റ്റോറികള്‍, ഹാഷ് ടാഗുകള്‍ എന്നിവ ലഭ്യമാണെങ്കിലും ത്രെഡ്‌സില്‍ പോസ്റ്റ് ഡിലീഷന്‍ ഒഴിക്കെ ബാക്കിയൊന്നും സാധ്യമല്ല. രണ്ട് ആപ്ലിക്കേഷന്റെയും അക്കൗണ്ട് വെരിഫിക്കേഷന്‍ രീതി വ്യത്യസ്തമാണ്. ത്രെഡ്‌സ് ഇന്‍സ്റ്റഗ്രാം മുഖാന്തരം വെരിഫിക്കേഷന്‍ ചെയ്യുമ്പോള്‍ ട്വിറ്റര്‍ ഇതിന് പ്രത്യേക മാര്‍ഗങ്ങളൊന്നും സ്വീകരിക്കുന്നില്ല. ഇതുകാരണം ട്വിറ്ററിനുള്ള ജനപങ്കാളിത്തം കൂടാനും സാധ്യതയുണ്ട്. ട്വിറ്ററില്‍ ബ്ലു സര്‍വീസ് ആക്ടിവേറ്റ് ചെയ്തിരിക്കുന്ന അക്കൗണ്ടുകള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ ഇതില്‍ നിന്നും വ്യത്യസ്തമാണ്.


#Daily
Leave a comment