
സാന്ദ്ര തോമസിനെ കൊല്ലുമെന്ന് ഭീഷണി; ശബ്ദസന്ദേശം പുറത്ത്
സിനിമ നിര്‍മ്മാതാവായ സാന്ദ്ര തോമസിനെ കൊല്ലുമെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റനി ജോസഫ് ഭീഷണിപ്പെടുത്തിയെന്ന് ആരോപണം. സാന്ദ്ര പൊലീസിന് രണ്ട് മാസം മുമ്പ് നടന്ന സംഭവത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് റനി ഫെഫ്കയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ട ശബ്ദ സന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നത്.
'സാന്ദ്ര കൂടുതല്‍ വിളയണ്ട, നീ പെണ്ണാണ്. നിന്നെ തല്ലിക്കൊന്ന് കാട്ടില്‍ കളയും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ സിനിമയില്‍ വേണ്ട എന്ന് പറയാന്‍ നീ ആരാണ്,' എന്ന് പുറത്തുവന്ന ശബ്ദരേഖയില്‍ പറയുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്ന തസ്തിക ഇനി മലയാള സിനിമയില്‍ ആവശ്യമില്ലെന്ന് സാന്ദ്ര പറഞ്ഞിരുന്നു. അവരിപ്പോള്‍ ആര്‍ട്ടിസ്റ്റ് മാനേജേഴ്‌സ് ആണെന്നും ആ തസ്തികയുടെ പേര് ആര്‍ട്ടിസ്റ്റ് മാനേജേഴ്‌സ് എന്നാക്കണമെന്നും അവര്‍ പറഞ്ഞിരുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളിങ്ങല്ല അവര്‍ ചെയ്യുന്നതെന്നും അതിനെക്കുറിച്ച് ഒരു ധാരണയുമില്ലാത്തവരാണവര്‍ എന്നും സാന്ദ്ര പറഞ്ഞിരുന്നു.
തന്റെ കൂടെ പ്രവര്‍ത്തിച്ച പല പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും പൈസക്കാരായി ഫ്‌ളാറ്റും വീടും കാറുമെല്ലാം വാങ്ങിയിട്ടുണ്ടെന്നും തനിക്ക് മനസ്സിലാവാത്ത രീതിയില്‍ മോഷ്ടിച്ചോളൂവെന്നും താന്‍ ചിലരോട് ഗതികെട്ട് പറഞ്ഞിട്ടുണ്ടെന്നും സാന്ദ്ര പറഞ്ഞിരുന്നു.
രണ്ട് മാസം മുമ്പ് റനി രാത്രിയില്‍ ഫോണ്‍വിളിച്ച് തന്നോട് മോശമായി സംസാരിച്ചതായും ഭീഷണിയുടെ വിവരം പൊലീസിനെ അറിയിച്ചുവെന്നും കമ്മീഷണര്‍ക്ക് പരാതി കൊടുത്തുവെന്നും സാന്ദ്ര പറഞ്ഞു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും അവര്‍ പറഞ്ഞു. മജിസ്‌ട്രേറ്റിന് മൊഴിയും നല്‍കിയിരുന്നു.
ഇതിനുശേഷമാണ് വീണ്ടും ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ശബ്ദ സന്ദേശം റനി ഗ്രൂപ്പിലിട്ടത്. ഈ സന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നത്.


