TMJ
searchnav-menu
post-thumbnail

TMJ Daily

ഇസ്രായേൽ വ്യോമാക്രമണത്തിൽ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു; പ്രതികരിക്കാതെ ഇസ്രായേൽ 

25 Oct 2024   |   1 min Read
TMJ News Desk

"ഞങ്ങൾ വാർത്തകൾ റിപ്പോർട്ട് ചെയ്യുകയും ഇരകളുടെ കഷ്ടപ്പാടുകൾ കാണിക്കുകയും ചെയ്തു, ഇപ്പോൾ ഞങ്ങൾ വാർത്തകളും, ഇസ്രായേലിൻ്റെ കുറ്റകൃത്യങ്ങളുടെ ഇരകളുമാണ്..."

മാസങ്ങളോളം തന്റെ കൂടെ അൽ-മനാർ ചാനലിൽ പ്രവർത്തിച്ച ക്യാമറ ഓപ്പറേറ്റർ വിസാം ഖാസിമിന്റെ മരണത്തെകുറിച്ച്, ലേഖകൻ അലി ഷൂയിബ് പറയുന്നു. 

ഇന്ന് പുലർച്ചെയാണ് ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ മൂന്ന് മാധ്യമ ജീവനക്കാർ കൊല്ലപ്പെട്ടത്. ലെബനൻ സർക്കാർ നടത്തുന്ന ദേശീയ വാർത്താ ഏജൻസിയാണ് വിവരം പുറത്തുവിട്ടത്. തെക്കുകിഴക്കൻ ലെബനനിൽ മാധ്യമപ്രവർത്തകർ താമസിക്കുന്ന കെട്ടിടത്തിനെതിരെയായിരുന്നു ആക്രമണം നടന്നത്.

ബെയ്‌റൂട്ട് ആസ്ഥാനമായുള്ള പാൻ-അറബ് അൽ-മയാദീൻ ടിവിയുടെ രണ്ട് ജീവനക്കാർ, ക്യാമറ ഓപ്പറേറ്റർ ഗസ്സൻ നജർ, ബ്രോഡ്കാസ്റ്റ് ടെക്നീഷ്യൻ മുഹമ്മദ് റിദ എന്നിവരും വെള്ളിയാഴ്ച പുലർച്ചെ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരിൽ ഉൾപ്പെടുന്നു. ആക്രമണത്തിൽ ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പ്രാദേശിക വാർത്ത ചാനലായ അൽ ജദീദ് സംപ്രേഷണം ചെയ്ത ദൃശ്യങ്ങളിൽ മാധ്യമങ്ങളുടെ താവളങ്ങളും, തകർന്ന കെട്ടിടങ്ങളും, പൊടിയും അവശിഷ്ടങ്ങളും കൊണ്ട് നിറഞ്ഞ പ്രസ് എന്ന് അടയാളപ്പെടുത്തിയ കാറുകളുമടങ്ങിയ ദൃശ്യങ്ങൾ കാണാൻ കഴിയും. ആക്രമണത്തിന് മുമ്പ് ഇസ്രായേൽ മുന്നറിയിപ്പ് ഒന്നും നൽകിയിരുന്നില്ല.

ഹസ്ബയ മേഖല അതിർത്തിയിലെ ആക്രമണം കാരണം ഇപ്പോൾ അവിടെ താമസിക്കുന്ന മാധ്യമപ്രവർത്തകരിൽ പലരും സമീപത്തെ പട്ടണമായ മർജയൂണിൽ നിന്ന് മാറി. മർജയൂണിലും കഴിഞ്ഞ ആഴ്ചകളിൽ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ബെയ്‌റൂട്ടിലെ തെക്കൻ പ്രാന്തപ്രദേശത്തുള്ള ഇത അൽ-മായാദീൻ എന്ന മാധ്യമ സ്ഥാപനത്തിന്റെ ഓഫീസിന് നേരെ കഴിഞ്ഞ ആഴ്ച ആക്രമണം ഉണ്ടായതായി ലെബനൻ ആരോഗ്യവകുപ്പ് അറിയിച്ചു.

സമാന സംഭവങ്ങൾ മുമ്പും നടന്നിട്ടുണ്ട്. ഒരു മാസം മുമ്പ്, തെക്കൻ ലെബനനിൽ ഇസ്രായേലി ഷെല്ലാക്രമണത്തിൽ റോയിട്ടേഴ്‌സ് വീഡിയോഗ്രാഫർ ഇസ്സാം അബ്ദുല്ല കൊല്ലപ്പെടുകയും, ഫ്രാൻസിൻ്റെ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അഷോൺസ് ഫ്രോൺസ് പ്രസ്, ഖത്തറിലെ അൽ-ജസീറ ടിവിയിലെ മാധ്യമപ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ലെബനൻ-ഇസ്രായേൽ അതിർത്തിയിൽ വെടിവയ്പ്പ് ആരംഭിച്ചതിന് ശേഷം നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. 2023 നവംബറിൽ അൽ-മയദീൻ ടിവിയുടെ രണ്ട് മാധ്യമപ്രവർത്തകരാണ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.


#Daily
Leave a comment