
ഉത്തര്‍പ്രദേശില്‍ മൂന്ന് ഖലിസ്ഥാന്‍ ഭീകരരെ എറ്റുമുട്ടലില്‍ വധിച്ചു
പഞ്ചാബ് അതിര്‍ത്തിയിലെ ഗുരുദാസ്പൂരില്‍ ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റാരോപിതരായ മൂന്ന് പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഗുര്‍വീന്ദര്‍ സിംഗ്, വീരേന്ദര്‍ സിംഗ്, ജസ്പ്രീത് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
ഉത്തര്‍പ്രദേശ്, പഞ്ചാബ് പൊലീസുകളുടെ സംയുക്ത സംഘമാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. ഗുരുദാസ്പൂരിലെ പൊലീസ് ചെക്ക്‌പോയിന്റിലെ ഗ്രനേഡ് ആക്രമണത്തില്‍ പങ്കെടുത്തവരാണ് ഇവരെന്ന് ഉത്തര്‍പ്രദേശ് പൊലീസ് എഡിജിപി അമിതാഭ് യാഷ് പറഞ്ഞു.
ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ പുരാണ്‍പൂരിലെ സിഎച്ച്‌സിയില്‍ ചികിത്സയ്ക്കായി ഉടന്‍ തന്നെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് എകെ-47 തോക്കുകള്‍, രണ്ട് ഗ്ലോക്ക് പിസ്റ്റളുകള്‍, മറ്റ് വെടിക്കോപ്പുകള്‍ എന്നിവ ഇവരില്‍ നിന്നും പിടിച്ചെടുത്തു.
പാകിസ്താന്റെ പിന്തുണയോടെയുള്ള ഖാലിസ്ഥാന്‍ സിന്താബാദ് ഫോഴ്‌സ് (കെഇസഡ്എഫ്) ഭീകര സംഘത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്ന് പഞ്ചാബ് പൊലീസ് തലവന്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.