
അരുണാചല്‍ പ്രദേശില്‍ മൂന്ന് മലയാളികള്‍ മരിച്ച സംഭവം; രഹസ്യഭാഷയിലുള്ള ഇ മെയിലുകള്‍ കണ്ടെത്തി പൊലീസ്
അരുണാചല്‍ പ്രദേശില്‍ മൂന്ന് മലയാളികളെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പൊലീസ്. കൊല്ലപ്പെട്ടവരില്‍ ഒരാളായ ആര്യയ്ക്ക് 2021 മുതല്‍ വന്ന രഹസ്യഭാഷയിലുള്ള ഇ മെയിലുകള്‍ പൊലീസ് കണ്ടെത്തി. വ്യാജ ഇ മെയില്‍ ഐഡികളില്‍ നിന്നാണ് സന്ദേശങ്ങള്‍ അയച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. രഹസ്യ കോഡുകളുള്ള മെയിലുകള്‍ ഗൂഗിളിന്റെ സഹായത്തോടെ പൊലീസ് വായിച്ചെടുത്തു. മരണാനന്തര ജീവിതവും അന്യഗ്രഹവാസവും പ്രധാന വിഷയമാകുന്ന മെയിലുകളാണ് കണ്ടെടുത്തതെന്ന് പൊലീസ് വ്യക്താമാക്കി.
മരിച്ച നവീന്‍ തോമസും ഭാര്യ ദേവിയുമാണോ ഇ മെയില്‍ സന്ദേശങ്ങള്‍ അയച്ചതെന്നറിയാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും സംശയകരമായ പല വിവരങ്ങളും മെയിലുകളില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു. തിരുവനന്തപുരം കന്റോണ്‍മെന്റ് എസ്പിയുടെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് സംഭവം അന്വേഷിക്കുന്നത്. മരിച്ച നവീന്‍ തോമസ്, ഭാര്യ ദേവി, ആര്യ എന്നിവര്‍ താമസിച്ച മുറിയില്‍ നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും പരിശോധിച്ചതിനെ തുടര്‍ന്നാണ് ഇ മെയില്‍ വിവരങ്ങള്‍ കണ്ടെത്തിയത്.
ഏപ്രില്‍ രണ്ടിന് അരുണാചല്‍ പ്രദേശിലെ സിറോയിലെ ഹോട്ടല്‍ മുറിയിലാണ് നവീന്‍ തോമസ്, ദേവി, ആര്യ എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേഹമാസകലം മുറിവുകളുമായി രക്തം വാര്‍ന്ന നിലയിലായിരുന്നു മൂന്നുപേരുടെയും മൃതദേഹങ്ങള്‍. മരണ ശേഷം മറ്റൊരു ഗ്രഹത്തില്‍ സുഖജീവിതം സാധ്യമാണെന്ന തരത്തിലുള്ള അന്ധവിശ്വാസങ്ങളില്‍ അകപ്പെട്ടാണ് മൂന്ന് പേരും മരിക്കുന്നതെന്നാണ് പൊലീസ് നിഗമനം. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘങ്ങളുമായി മൂന്ന് പേര്‍ക്കും ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മരണശേഷമുള്ള ജീവിതത്തെക്കുറിച്ച് ആര്യയേയും ദേവിയേയും വിശ്വസിപ്പിച്ചതും മരണം ആസൂത്രണം ചെയ്തതും നവീനാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. വ്യാഴാഴ്ച തിരുവനന്തപുരത്ത് എത്തിച്ച ദേവിയുടെയും ആര്യയുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച നവീന്‍ തോമസിന്റെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും.