PHOTO: PTI
കലാപം മൂന്നുമാസം പിന്നിടുന്നു: ശാന്തമാകാതെ മണിപ്പൂര്‍
കലാപം ആരംഭിച്ച് മൂന്നുമാസം കഴിയുമ്പോഴും മണിപ്പൂര്‍ ശാന്തമല്ല. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും തുടര്‍ച്ചയായി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.തിങ്കളാഴ്ച രാത്രി ഇംഫാല്‍ നഗരത്തില്‍ നടന്ന ആക്രമണത്തില്‍ കാനല്‍ വെങ് ഗ്രാമത്തിലെ കുക്കി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആളുകളുടെ വീടുകള്‍ കത്തി നശിച്ചു. മെയ്തി സംഘമാണ് വീടുകള്‍ക്ക് തീയിട്ടത് എന്നാണ് ഉയരുന്ന ആരോപണം. പ്രദേശത്തുനിന്നും ആളുകള്‍ നേരത്തെ ഒഴിഞ്ഞു പോയിരുന്നു. ഇത്തരത്തില്‍ ചെറുതും വലുതുമായ സംഘര്‍ഷങ്ങളാണ് മണിപ്പൂരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
മണിപ്പൂരില്‍ ഭരണ-പൊലീസ് സംവിധാനം പരാജയം: സുപ്രീംകോടതി
മണിപ്പൂര്‍ കലാപത്തില്‍ സര്‍ക്കാരിനെയും പൊലീസിനെയും വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. മണിപ്പൂരിലെ ഭരണ-പൊലീസ് സംവിധാനം പൂര്‍ണ പരാജയമാണെന്ന് കോടതി വ്യക്തമാക്കി. അക്രമസംഭവങ്ങളില്‍ ചൊവ്വാഴ്ച വാദം കേള്‍ക്കവെയാണ് കോടതിയുടെ വിമര്‍ശനം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരായത്. കലാപത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തുഷാര്‍ മേത്ത വിശദീകരിച്ചു.
പൊലീസിനെതിരെ അതൃപ്തി
മണിപ്പൂര്‍ കലാപത്തില്‍ പൊലീസിന്റെ ഇടപെടലില്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്ര ചൂഡ് അധ്യക്ഷനായ ബെഞ്ച് അതൃപ്തി വ്യക്തമാക്കി. കേസെടുക്കാന്‍ പോലും കഴിയാത്ത വിധം മണിപ്പൂരില്‍ പൊലീസ് സംവിധാനം പൂര്‍ണമായും പരാജയപ്പെട്ടെന്ന് കോടതി. 'ഒന്നുകില്‍ അന്വേഷണത്തിന് മണിപ്പൂര്‍ പൊലീസിനു ശേഷിയില്ല, അല്ലെങ്കില്‍ താല്‍പര്യമില്ല. പേരിനുവേണ്ടി ചിലരെ അറസ്റ്റു ചെയ്‌തെന്നല്ലാതെ കലാപം നടക്കുമ്പോള്‍ പൊലീസും നിയമവും സംസ്ഥാനത്തുതന്നെ ഉണ്ടായിരുന്നില്ല' എന്ന് കോടതി വിമര്‍ശിച്ചു. കോടതി പൊലീസിന്റെ വീഴ്ചകള്‍ എടുത്തുപറയുകയും ആഗസ്റ്റ് ഏഴിന് പൊലീസ് മേധാവി നേരിട്ട് ഹാജരാവണമെന്ന് ഉത്തരവിടുകയും ചെയ്തു.
സിബിഐക്ക് വിട്ട കേസുകള്‍ ഒഴികെ, രജിസ്റ്റര്‍ ചെയ്ത മറ്റുകേസുകള്‍ മണിപ്പൂര്‍ പൊലീസ്തന്നെ അന്വേഷിക്കുമോ, പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിക്കുമോ, തുടങ്ങിയ കാര്യങ്ങള്‍ കോടതി തീരുമാനിക്കും. കൂടാതെ സ്ത്രീകളെ നഗ്നരാക്കി പീഢിപ്പിച്ച സംഭവത്തില്‍ ആള്‍ക്കൂട്ടത്തിന് സ്ത്രീകളെ വിട്ടുകൊടുത്തത് പൊലീസാണെന്നു ചൂണ്ടിക്കാണിച്ച ബെഞ്ച് വിഷയത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചോ എന്ന് ചോദിച്ചു. എന്നാല്‍ കോടതിയുടെ പല ചോദ്യങ്ങള്‍ക്കും ഉത്തരം ഉണ്ടായില്ല. പല ചോദ്യങ്ങള്‍ക്കും ഉടന്‍ മറുപടി നല്‍കാന്‍ കഴിയില്ല എന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ പ്രതികരണം.