PHOTO: PTI
മണിപ്പൂരില്‍ മൂന്നുപേര്‍ വെടിയേറ്റ് മരിച്ചു
മണിപ്പൂരില്‍ ചൊവ്വാഴ്ച രാവിലെ ഉണ്ടായ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കാങ്‌പോപ്കി ജില്ലയിലാണ് സംഭവം. നിരോധിത ഭീകര സംഘടനയിലെ തീവ്രവാദികളാണ് അക്രമം അഴിച്ചുവിട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇംഫാല്‍ വെസ്റ്റ്, കാങ്‌പോപ്കി ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമവാസികളെ വാഹനത്തില്‍ എത്തിയ അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു.
മരണങ്ങള്‍ തുടര്‍ക്കഥയാകുന്നു
സെപ്തംബര്‍ എട്ടിന് തെങ്നൗപാല്‍ ജില്ലയിലെ പല്ലേലില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും മൂന്നു മരണവാര്‍ത്ത കൂടി മണിപ്പൂരില്‍ നിന്ന് റിപ്പോര്‍ട്ടു ചെയ്തിരിക്കുകയാണ്. പല്ലേലില്‍ സുരക്ഷാസേനയും സായുധസേനയും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 50ലേറെ പേര്‍ക്ക്് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തെങ്നൗപാല്‍ ജില്ലയിലെ പല്ലേലില്‍ സ്ത്രീകള്‍ റോഡുപരോധിച്ചതോടെയാണ് വെടിവയ്പ്പാരംഭിച്ചത്. രാവിലെ ആറുമണിയോടെ സായുധസംഘം സുരക്ഷാ സേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പിനെ തുടര്‍ന്ന് പ്രദേശത്ത് ആളുകള്‍ തടിച്ചു കൂടുകയും റോഡുകള്‍ ഉപരോധിക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനുവേണ്ടി പ്രദേശത്ത് കൂടുതല്‍ സുരക്ഷ സേനയെ വിന്യസിച്ചിട്ടുണ്ട്. നിലവില്‍ സംഘര്‍ഷ സാഹചര്യം തുടരുകയാണ്.
സംഘര്‍ഷങ്ങള്‍ക്കവസാനമില്ലെ?
മണിപ്പൂരില്‍ മെയ്മാസം ആരംഭിച്ച കലാപം ഇപ്പോഴും തുടരുകയാണ്. മണിപ്പൂര്‍ സര്‍ക്കാര്‍ ജൂലൈയില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം കലാപത്തില്‍ 142 പേര്‍ കൊല്ലപ്പെടുകയും 17 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട് 5,995 എഫ്.ഐ.ആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.