മൂന്ന് വര്‍ഷത്തെ താലിബാന്‍ ഭരണം; 14 ലക്ഷം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയതായി യുഎന്‍ റിപ്പോര്‍ട്ട്
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം മൂന്ന് വര്‍ഷം തികയുമ്പോള്‍ 14 ലക്ഷം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയതായി യുഎന്‍ റിപ്പോര്‍ട്ട്. 2023 ഏപ്രിലില്‍ യുനെസ്‌കോ അവസാനമായി നടത്തിയ കണക്കെടുപ്പില്‍ 3 ലക്ഷം പെണ്‍കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസം തടസ്സപ്പെട്ടതായി റിപ്പോര്‍ട്ട് വ്യക്തമാക്കി. ഒരു തലമുറയിലെ മുഴുവന്‍ പെണ്‍കുട്ടികളുടെയും ഭാവി അപകടത്തിലാണെന്നും അവരുടെ വിദ്യാഭ്യാസ അവകാശം മനപൂര്‍വ്വമായി ഇല്ലാതാക്കപ്പെട്ടുവെന്നും യുഎന്‍ പ്രതികരിച്ചു.
2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പുള്ള സാഹചര്യത്തെ അപേക്ഷിച്ച് ഇപ്പോള്‍ 80 ശതമാനം പെണ്‍കുട്ടികളും സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പുറത്താണ്. താലിബാന്‍ അധികാരത്തില്‍ വന്നതിന് ശേഷം ആറാം ക്ലാസിന് മുകളിലുള്ള വിദ്യാഭ്യാസം പെണ്‍കുട്ടികള്‍ക്ക് നിഷേധിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും കുറവുണ്ടായതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ 2019 ല്‍ 6.8 ദശലക്ഷം പെണ്‍കുട്ടികളും ആണ്‍കുട്ടികളുമാണ് പ്രൈമറി സ്‌കൂളില്‍ ഉണ്ടായിരുന്നത്. 2022 ല്‍ ഇത് 5.7 ദശലക്ഷമായി കുറഞ്ഞു.
2021 മുതല്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ എണ്ണം 53 ശതമാനം കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാന്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസം പുനരാരംഭിക്കാന്‍ അന്താരാഷ്ട്ര സമൂഹം അണിനിരക്കണമെന്ന് യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസോലെ ആവശ്യപ്പെട്ടു.