
റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ചു
കർണ്ണാടകയിലെ മംഗലാപുരത്തിനടുത്ത ഉള്ളാളിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽകുളത്തിൽ മൂന്ന് യുവതികൾ മുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. മൈസൂർ സ്വദേശികളായ കീർത്തന (21), നിഷിദ (21), പാർവതി (20) എന്നിവരാണ് മരണമടഞ്ഞത്. നീന്തൽകുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽ പെട്ടതാണ് എന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ സിസി ക്യാമറ ദൃശങ്ങൾ പുറത്തു വന്നിട്ടുണ്ട്.
നീന്തൽകുളത്തിന്റെ ആറടിയോളം താഴ്ചയുള്ള ഭാഗത്തു മുങ്ങിപ്പോയ കൂട്ടത്തിലുള്ള ഒരാളെ രക്ഷിക്കുവാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് കരുതപ്പെടുന്നു . മുങ്ങിപ്പോയ യുവതിക്ക് നീന്തൽ അറിയില്ലായിരുന്നു. ഇന്നലെ വൈകിട്ടാണ് മൂവരും റിസോർട്ടിൽ മുറിയെടുത്തത്. അപകടത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് പറഞ്ഞു.
അപകടം നടക്കുമ്പോൾ സമീപത്തു മറ്റാരും ഉണ്ടായിരുന്നതായി തോന്നുന്നില്ല. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.