PHOTO: WIKI COMMONS
റഷ്യയില്‍ യുദ്ധമുഖത്ത് കുടുങ്ങി അഞ്ചുതെങ്ങിലെ മൂന്ന് യുവാക്കള്‍
ഏജന്റിന്റെ ചതിയില്‍പ്പെട്ട് റഷ്യ-യുക്രൈന്‍ യുദ്ധമുഖത്ത് അകപ്പെട്ട് തിരുവനന്തപുരം അഞ്ചുതെങ്ങിലെ മൂന്ന് യുവാക്കള്‍. റഷ്യയ്ക്കു വേണ്ടി യുദ്ധം ചെയ്യാന്‍ ഇവര്‍ നിയോഗിക്കപ്പെടുകയും ഒരാള്‍ക്ക് യുക്രൈന്‍ സൈന്യത്തിന്റെ വെടിവയ്പ്പിലും ബോംബാക്രമണത്തിലും പരുക്കേല്‍ക്കുകയും ചെയ്തു. അഞ്ചുതെങ്ങ് കുരിശടി മുക്കിനു സമീപം കൊപ്രാക്കൂട് സ്വദേശി പ്രിന്‍സിനാണു പരുക്കേറ്റത്. പ്രിന്‍സിന്റെ അമ്മയുടെ സഹോദരിയുടെ മകന്‍ വിനീത്, പിതൃസഹോദരിയുടെ മകന്‍ ടിനു എന്നിവരാണ് ഒപ്പമുള്ളത്.
യുദ്ധമുഖത്തെത്തിയ ആദ്യദിവസം തന്നെ പരുക്ക്
കഴക്കൂട്ടം സ്വദേശി സന്തോഷ് എന്ന ഏജന്റാണ് റഷ്യ കേന്ദ്രീകരിച്ച് റിക്രൂട്ട്മെന്റ് നടത്തിയത്. തുമ്പയിലെ ഏജന്റ് പ്രിയന്‍ വഴിയായിരുന്നു മൂവരും ജനുവരി മൂന്നിന് റഷ്യയിലേക്ക് പുറപ്പെട്ടത്. രണ്ട് ലക്ഷം രൂപ മാസശമ്പളം ലഭിക്കുന്ന സെക്യൂരിറ്റി ജോലി നല്‍കുമെന്ന വ്യാജേന മൂന്ന് പേരില്‍നിന്നും ഏഴ് ലക്ഷം രൂപ വീതമാണ് പ്രിയന്‍ കൈപ്പറ്റിയത്. പിന്നീട് റഷ്യന്‍ ഭാഷയിലെഴുതിയ കരാറില്‍ ഒപ്പുവയ്പ്പിച്ച ശേഷം യുദ്ധമുഖത്ത് നിയോഗിക്കുകയായിരുന്നു. 23 ദിവസത്തെ ആയുധ പരിശീലനം നല്‍കുകയും പാസ്പോര്‍ട്ടും ഫോണും റഷ്യയിലെ ഏജന്റ് സന്തോഷ് പിടിച്ചുവച്ചതായും പ്രിന്‍സ് പറഞ്ഞു. യുദ്ധമുഖത്തെത്തിയ ആദ്യദിവസം തന്നെ പ്രിന്‍സിന് പരുക്കേറ്റു. ഒരുമാസത്തിലേറെ ആശുപത്രിയില്‍ കഴിഞ്ഞശേഷം ഹോസ്റ്റലില്‍ വിശ്രമത്തിലാണ് പ്രിന്‍സ്. സംഭവത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.
വിധി ഉണ്ടെങ്കില്‍ കാണാം എന്ന ശബ്ദസന്ദേശമായിരുന്നു ടിനു സഹോദരി ടിന്റുവിന് ഒടുവില്‍ അയച്ചത്. അനുവദിച്ച അവധി ഈയാഴ്ച തീരുമെന്നും തനിക്ക് വീണ്ടും പോകേണ്ടിവരുമെന്നുമാണ് ഫോണില്‍ ഏറ്റവുമൊടുവില്‍ പ്രിന്‍സ് പറഞ്ഞത്. യുകെയില്‍ പാക്കിങ് ജോലി സംഘടിപ്പിക്കാമെന്ന് എറണാകുളത്തെ ഏജന്‍സി പറഞ്ഞത് വിശ്വസിച്ച് മൂവരും രണ്ടുലക്ഷം രൂപ വീതം നല്‍കിയിരുന്നു. എന്നാല്‍ പറഞ്ഞ സമയത്ത് ജോലി കിട്ടിയില്ലെന്ന് മാത്രമല്ല 80000 രൂപ മാത്രമാണ് തിരിച്ചുകിട്ടിയത്. ഇതിനുശേഷമാണ് വിനീതിന് പരിചയമുള്ള തുമ്പ സ്വദേശി പ്രിയന്‍ റഷ്യയില്‍ ജോലി വാഗ്ദാനം ചെയ്തത്.