TMJ
searchnav-menu
post-thumbnail

TMJ Daily

തൃശൂർ അപകടം: രാത്രികാല പരിശോധനകൾ ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശങ്ങളുമായി കെ ബി ഗണേഷ് കുമാർ 

26 Nov 2024   |   1 min Read
TMJ News Desk

തൃശൂരിലെ നാട്ടികയിൽ ഉണ്ടായ അപകടത്തിൽ നാടോടി സംഘങ്ങൾ മരിച്ചതിനെ തുടർന്ന്, കർശന നടപടികളുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ. രാത്രികാല പരിശോധനകൾ ശക്തമാക്കുമെന്നും, ട്രാഫിക് ലൈൻ തെറ്റിച്ചാൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. റോഡ് സേഫ്റ്റി അതോറിറ്റിയുമായി സഹകരിച്ച് കൂടുതൽ ജാഗ്രത ഇനി പാലിക്കും. ട്രാഫിക്കുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എൻജിഒകളുമായി സഹകരിച്ചുകൊണ്ട് റോഡ് അപകടങ്ങൾ നിയന്ത്രിക്കാനുള്ള പദ്ധതികൾ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.

രാത്രികാലങ്ങളിൽ വാഹനങ്ങൾ അമിത വേഗതയിലാണ് പോകുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കം വരുന്ന വാഹനങ്ങൾ അമിതവേഗതയിൽ  തെറ്റായ ദിശകളിൽ കൂടിയാണ് കയറി വരുന്നത്. റോഡ് സൈഡിൽ കിടന്നുറങ്ങുന്നവരെ മാറ്റാൻ പോലീസുമായി ചേർന്ന് നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാഹനങ്ങൾക്ക് പ്രവേശനമില്ലാതിരുന്ന ഭാഗത്ത്, ബാരിക്കേഡുകൾ തകർത്ത് അമിത വേഗത്തിലാണ് നാടോടി സംഘങ്ങൾക്ക് മേലെ ലോറി പാഞ്ഞ് കയറിയതെന്നാണ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നതെന്ന് മന്ത്രി പറഞ്ഞു. പോലീസുകാർ മുന്നറിയിപ്പ് നൽകിയിട്ടും അപകടത്തിൽപെട്ടവർ അവിടെ കിടക്കുകയായിരുന്നു. അപകടം നിർഭാഗ്യകരമാണെന്നും, അപകടത്തിൽപെട്ടവർക്ക് ധനസഹായം  നൽകുന്നതുൾപ്പെടയുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ന് പുലർച്ചെ നാലേ കാലോടെയാണ് തൃശൂരിലെ നാട്ടികയിൽ അമിത വേഗത്തിലെത്തിയ ലോറി ഹൈവേയിൽ കിടന്നുറങ്ങിയ നാടോടികളുടെ ഇടയിലേക്ക് ഇടിച്ച് കയറിയത്. അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പടെ അഞ്ച് പേർ മരിച്ചു. പരിക്കേറ്റ ഏഴ് പേരിൽ മൂന്ന് പേർ ഗുരുതരാവസ്ഥയിലാണ്. വാഹനമോടിച്ചവർ മദ്യലഹരിയിലായിരുന്നുവെന്നും, അവർക്ക് ലൈസൻസ് ഇല്ല എന്നും കണ്ടെത്തിയിരുന്നു. വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുകയും ചെയ്തു. നിലവിൽ ഡ്രൈവറും ക്ലീനറും പോലീസ് കസ്റ്റഡിയിലാണ്.



#Daily
Leave a comment