
തൃശൂര്‍ പൂരം വിവാദം; തിരുവമ്പാടി ദേവസ്വത്തിലെ ചിലര്‍ തല്‍പരകക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ട്
ലോകസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തൃശൂര്‍ പൂരം അട്ടിമറിക്കാന്‍ നിയമവിരുദ്ധമായ ആവശ്യങ്ങള്‍ തിരുവമ്പാടി ദേവസ്വത്തിലെ ചിലര്‍ ഉന്നയിച്ച് കുഴപ്പങ്ങള്‍ സൃഷ്ടിച്ചുവെന്ന് എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട്. തിരുവമ്പാടി ദേവസ്വത്തിലെ ചിലര്‍ തല്‍പ്പരകക്ഷികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി ഉത്സവം അട്ടിമറിച്ചുവെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. റിപ്പോര്‍ട്ട് സെപ്തംബറിലാണ് സമര്‍പ്പിച്ചത്.
തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ച തല്‍പരകക്ഷികള്‍ ആരാണെന്ന് റിപ്പോര്‍ട്ടില്‍ ഇല്ലെങ്കിലും ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് സംസ്ഥാനത്തെ ആര്‍എസ്എസിന്റെ ഒരു പ്രമുഖ നേതാവ് എന്നിവരുടെ മൊഴികള്‍ റിപ്പോര്‍ട്ടില്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.
നിയമവിരുദ്ധമായ ആവശ്യങ്ങള്‍ അനുവദിക്കാതിരുന്നാല്‍ പൂരം അട്ടിമറിക്കാന്‍ നേരത്തെ തീരുമാനം എടുത്തിരുന്നുവെന്നും സംസ്ഥാന പൊലീസ് മേധാവിക്ക് സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവമ്പാടി ദേവസ്വം ആദ്യം മുതല്‍ തന്നെ നിയമവിരുദ്ധവും നടപ്പാക്കാന്‍ സാധിക്കാത്തതുമായ ആവശ്യങ്ങള്‍ ഉന്നയിച്ചും ചെറിയ വിഷയങ്ങള്‍ ഊതിപ്പെരുപ്പിച്ചും പൂരം പൂര്‍ത്തിയാക്കാതിരിക്കാനുള്ള ശ്രമം നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
'പൂരം നിര്‍ത്തിവയ്പിച്ചു സംസ്ഥാന സര്‍ക്കാരിനും ജില്ലാ ഭരണകൂടത്തിനുമെതിരെ വികാരം സൃഷ്ടിക്കാന്‍ ശ്രമിച്ചു. തിരുവമ്പാടി ദേവസ്വം ഭാരവാഹികളും തല്‍പര കക്ഷികളും ചേര്‍ന്ന് സ്ഥാപിത താല്‍പര്യത്തിനായി പൂരം അട്ടിമറിച്ചത് ലോകസഭാ തിരഞ്ഞെടുപ്പില്‍ വിഷയലാഭത്തിനായി തല്‍പരകക്ഷികള്‍ ഉപയോഗിച്ചു,' റിപ്പോര്‍ട്ടില്‍ പറയുന്നു.


