
തൃശൂര്‍ പൂരം വിവാദം: സുരേഷ് ഗോപി ദേവസ്വം യോഗത്തില്‍ പങ്കെടുത്തു
2024-ലെ തൃശൂര്‍ പൂരം വിവാദവുമായി ബന്ധപ്പെട്ട് നിര്‍ണായക മൊഴികള്‍ പുറത്ത്. തിരുവമ്പാടി ദേവസ്വം ജോയിന്റ് സെക്രട്ടറി പി ശശിധരന്റെ മൊഴിയാണ് പുറത്ത് വന്നത്. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം ആര്‍ അജിത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്നുള്ള വിവരങ്ങളാണ് പുറത്ത് വന്നത്.
ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണനും പൂരം കലങ്ങിയ ദിവസം തിരുവമ്പാടി ദേവസ്വവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ശശിധരന്‍ മൊഴി നല്‍കി. കൂടാതെ, ദേവസ്വം കമ്മിറ്റി യോഗത്തില്‍ കേന്ദ്ര മന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപി പങ്കെടുത്തുവെന്നും ശശിധരന്റെ മൊഴിയില്‍ പറയുന്നു.
വെടിക്കെട്ട് ഉപേക്ഷിച്ച തീരുമാനം പുനപരിശോധിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് സുരേഷ് ഗോപി പങ്കെടുത്തത്. വെടിക്കെട്ട് കമ്മിറ്റിയുടെ കണ്‍വീനര്‍ കൂടിയായിരുന്നു ശശിധരന്‍.
സുരേഷ് ഗോപി ദേവസ്വം യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയത് സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയുടെ ആംബുലന്‍സില്‍ ആയിരുന്നു. ദേവസ്വത്തിന്റെ ടാഗ് ധരിച്ചെത്തിയ വ്യക്തി ആവശ്യപ്പെട്ടത് അനുസരിച്ചാണ് സുരേഷ് ഗോപിയെ ആംബുലന്‍സില്‍ യോഗസ്ഥലത്ത് എത്തിച്ചതെന്ന് ഡ്രൈവര്‍ പ്രകാശന്‍ മൊഴി നല്‍കിയിട്ടുണ്ട്. സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലന്‍സില്‍ പൂരവേദിയിലേക്ക് എത്തിയതിന്റെ ദൃശ്യങ്ങള്‍ അന്നേ ദിവസം പുറത്ത് വന്നിരുന്നു. എന്നാല്‍ പിന്നീട് സുരേഷ് ഗോപി വേദിയില്‍ എത്തിയെന്നും എത്തിയില്ലെന്നും ബിജെപി നേതാക്കള്‍ പരസ്പര വിരുദ്ധമായി പ്രസംഗിച്ചിരുന്നു. ചികിത്സാ ആവശ്യങ്ങള്‍ക്കല്ലാതെ ആംബുലന്‍സ് ഉപയോഗിച്ചതിന് സുരേഷ് ഗോപിക്ക് എതിരെ പോലീസ് കേസെടുത്തിരുന്നു.
പൂര വേദിയില്‍ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചതിനാല്‍ പൂരം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാര്‍ തന്നെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടുവെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് എഡിജിപിയുടെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. എങ്കിലും ഈ ആവശ്യം അംഗീകരിക്കാതിരുന്ന പാറമേക്കാവ് എഴുന്നള്ളിപ്പും മേളവും തടസ്സമില്ലാതെ നടത്തി.
തൃശൂര്‍ പൂരം വിവാദത്തില്‍ തിരുവമ്പാടി ദേവസ്വത്തിലെ ചിലര്‍ തല്‍പരകക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നുള്ള എഡിജിപിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാല്‍, പൂരം വിവാദമായ സംഭവം സിബിഐ അന്വേഷിക്കണം എന്ന് തിരുവമ്പാടി ദേവസ്വം ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തില്‍ ആര്‍എസ്എസിന്റേയും ബിജെപിയുടേയും ഗൂഢാലോചന വ്യക്തമാണെന്ന് സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍ പറഞ്ഞു. സംഘപരിവാര്‍ സംഘടനകള്‍ ഇടതുമുന്നണി വിരുദ്ധ മുദ്രാവാക്യം മുഴക്കിയാണ് വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു സുനില്‍കുമാര്‍. പൂരം നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം തിരുവമ്പാടി ദേവസ്വം ഔദ്യോഗികമായി എടുത്തില്ലെന്നും ചില വ്യക്തികളാണ് ആ തീരുമാനം എടുത്തതെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
എഴുന്നള്ളിപ്പ് പന്തലിലെത്തിയശേഷമേ ആളുകളെ പൂരപ്പറമ്പില്‍നിന്നും മാറ്റാവൂ എന്ന ആവശ്യം തങ്ങള്‍ ഉന്നയിച്ചിരുന്നുവെന്നും എന്നാല്‍ അതിനുമുമ്പേ പൊലീസ് തടഞ്ഞതാണ് പ്രശ്‌നമായതെന്നും തിരുവമ്പാടി ദേവസ്വം മൊഴി നല്‍കി.