
ടിക് ടോക് നിരോധനം: ചൈനീസ് ആപ്പായ റെഡ്‌നോട്ടിലേക്ക് കൂടുമാറി യുഎസുകാര്‍
യുഎസില്‍ സുരക്ഷാ ഭീഷണിയുടെ പേരില്‍ ടിക് ടോക്ക് നിരോധിക്കപ്പെടുമെന്ന് ഉറപ്പായതോടെ അതിലെ ഉപയോക്താക്കള്‍ കൂട്ടത്തോടെ ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പായ റെഡ്‌നോട്ടിലേക്ക് ചേക്കേറുന്നു. ഈ ആഴ്ച്ചയില്‍ ആറ് ദിവസം കൊണ്ട് മൂന്ന് മില്ല്യണോളം പേര്‍ റെഡ്‌നോട്ടില്‍ അംഗമായി. ഇവരെ 'ടിക് ടോക്ക് അഭയാര്‍ത്ഥികള്‍' എന്നാണ് വിശേഷിപ്പിക്കുന്നത്.
തിങ്കളാഴ്ച്ച ആന്‍ഡ്രോയ്ഡിലും ഐഒഎസിലുമായി 3.4 മില്ല്യണ്‍ സജീവ അംഗങ്ങളാണ് ഈ ചൈനീസ് ആപ്പില്‍ ഉണ്ടായിരുന്നത്. ടിക് ടോക്കില്‍ 170 മില്ല്യണ്‍ അമേരിക്കക്കാരാണ് അംഗങ്ങളായുള്ളത്. ഈ ആഴ്ചയില്‍ രണ്ട് ദിവസം കൊണ്ട് ഏഴ് ലക്ഷം പുതിയ ഉപയോക്താക്കള്‍ റെഡ്‌നോട്ടിന് ലഭിച്ചുവെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ടിക് ടോക്കിന്റെ സഹോദര ആപ്പായ ലെമണ്‍8നേക്കാളും കൂടുതല്‍ ഡൗണ്‍ലോഡ്‌സ് ആണ് റെഡ്‌നോട്ടിന് ലഭിക്കുന്നത്. കഴിഞ്ഞ നവംബറില്‍ ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് ലെമണ്‍8ന്റേയും ടിക് ടോക്കിന്റേയും ലോഗിനുകളെ തമ്മില്‍ ബന്ധിപ്പിച്ചിരുന്നു. ലെമണ്‍8ലേക്കും ഗണ്യമായ ഒഴുക്കുണ്ട്.
അതേസമയം, ടിക് ടോക്കിന്റെ സജീവ ഉപയോക്താക്കളുടെ എണ്ണത്തില്‍ 2.1% ഇടിവ് ഉണ്ടായി. ജനപ്രിയ ചൈനീസ് ഭക്ഷണങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ചൈനയിലെ ജനന നയങ്ങള്‍ പോലുള്ള കാര്യങ്ങള്‍ ആളുകള്‍ തിരയുന്നുണ്ട്. കൂടാതെ ബീജിങ്ങിലെ സെന്‍സര്‍മാര്‍ റെഡ്‌നോട്ടില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പരിമിതികള്‍ എന്തൊക്കെയാണെന്നും യുഎസ് ഉപയോക്താക്കള്‍ പരിശോധിക്കുന്നുണ്ട്.
ചൈന രാജ്യത്തെ സൈബറിടത്തെ വന്‍ഫയര്‍വാള്‍ സെന്‍സര്‍ഷിപ്പ് ആര്‍ക്കിടെക്ചര്‍ ഉഫയോഗിച്ച് നിയന്ത്രിക്കുന്നുണ്ട്. കൂടാതെ, ഇന്‍സ്റ്റാഗ്രാം, എക്‌സ് പോലുള്ള സാമൂഹിക മാധ്യമ നെറ്റുവര്‍ക്കുകളെ ബ്ലോക്കും ചെയ്തിട്ടുണ്ട്.