
യുഎസില്‍ ടിക് ടോക്ക് നിരോധനം നിലവില്‍ വന്നു
യുഎസിലെ ഉപയോക്താക്കള്‍ക്ക് ടിക് ടോക് ലഭിക്കാതെയായി. ആപ്പിള്‍, ഗൂഗിള്‍ ആപ്പ് സ്‌റ്റോറുകളില്‍ നിന്നും ടിക് ടോക്ക് അപ്രത്യക്ഷമായി. ഈ സോഷ്യല്‍ മീഡിയ ആപ്പിനെ നിരോധിക്കുന്ന നിയമം ഞായറാഴ്ച്ച നിലവില്‍വന്നതിനെ തുടര്‍ന്നാണിത്.
ജനുവരി 20ന് പ്രസിഡന്റ് പദവിയേറ്റെടുത്ത ശേഷം ടിക് ടോക്കിന് ബാനില്‍ 90 ദിവസത്തെ ഇളവ് നല്‍കുമെന്ന് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിട്ടുണ്ട്.
170 മില്ല്യണ്‍ അമേരിക്കക്കാരാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. ടിക് ടോക്കിനെ നിരോധിക്കുന്ന നിയമം യുഎസ് പാസാക്കിയെന്നും നിര്‍ഭാഗ്യവശാല്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് ഇപ്പോള്‍ ടിക് ടോക്ക് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും ആണെന്ന് കമ്പനി ഉപയോക്താക്കള്‍ക്ക് സന്ദേശം അയച്ചു.
പ്രസിഡന്റ് ട്രംപ് അധികാരമേറ്റശേഷം ടിക് ടോക്കിനെ തിരിച്ചു കൊണ്ടുവരുന്നതിനുള്ള പരിഹാര മാര്‍ഗം നടപ്പിലാക്കാന്‍ ഞങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും ടിക് ടോക്ക് ഉപഭോക്താക്കളെ അറിയിച്ചു. നിരോധനം അനുചിതമായതിനാലാണ് ടിക് ടോക്കിന് കാലാവധി നീട്ടി നല്‍കുന്നതെന്ന് ട്രംപ് എന്‍ബിസി ന്യൂസിനോട് പറഞ്ഞു.
ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്കില്‍ ശനിയാഴ്ച്ച ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ച ഉപഭോക്താക്കള്‍ക്ക് 'ഞങ്ങളുടെ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിയമം ഞങ്ങളെ നിര്‍ബന്ധിതമാക്കി. എത്രയും വേഗം യുഎസിലെ ഞങ്ങളുടെ സേവനം പുനസ്ഥാപിക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നു,' എന്ന സന്ദേശം ലഭിച്ചു.
ദേശീയ സുരക്ഷാ ആശങ്കകള്‍ മൂലമാണ് ടിക് ടോക്കിനെ അമേരിക്കയില്‍ നിരോധിച്ചത്.