
അമേരിക്കയുടെ വിലക്ക് ഭീഷണിയെ നേരിടാന്‍ ടിക് ടോക് കോടതിയിലേക്ക്
വിലക്കുമെന്ന യുഎസ് സര്‍ക്കാരിന്റെ ഭീഷണിയെ മറികടക്കാന്‍ ഫെഡറല്‍ കോടതിയില്‍ അഭയം തേടി ടിക് ടോക്. അഭിപ്രായസ്വാതന്ത്ര്യത്തിന്‍ മേലുള്ള യുഎസ് സര്‍ക്കാരിന്റെ കടന്നുകയറ്റമാണ് വിലക്കുമെന്ന ഭീഷണിയെന്നാണ് ടിക് ടോക് ഉന്നയിക്കുന്ന വാദം.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് ആരോപിച്ച് ഏപ്രിലില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അവതരിപ്പിച്ച പുതിയ നിയമം മൂലം, വരുന്ന ജനുവരിക്കുള്ളില്‍ ടിക് ടോക് അമേരിക്കയിലെ അംഗീകൃത സ്ഥാപനത്തിനോ വ്യക്തിക്കോ വില്‍ക്കേണ്ട സാഹചര്യമാണ് നിലവില്‍ വന്നിട്ടുള്ളത്. ടിക് ടോക്കിന്റെ ഉടമസ്ഥരായ ചൈനയിലെ ബൈറ്റ്ഡാന്‍സ് എന്ന സ്ഥാപനമാണ് കോടതിയില്‍ കേസുമായി എത്തിയിട്ടുള്ളത്.
ബൈഡന്‍ അവതരിപ്പിച്ച നിയമം ഭരണഘടനാവിരുദ്ധവും, പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ കഴിയാത്തതുമാണെന്നാണ് ടിക് ടോക് വാദിക്കുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ ഉടമസ്ഥാവകാശം സര്‍ക്കാരിന് നിയന്ത്രിക്കാന്‍ കഴിയുന്നതല്ലെന്നും, അതിനായി അവതരിപ്പിച്ചിരിക്കുന്ന പുതിയ നിയമം, യുഎസ് ഭരണഘടനയുടെ ആദ്യ ഭേദഗതി സംരക്ഷിക്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ടിക് ടോക് ചൂണ്ടിക്കാണിക്കുന്നു.
അനുബന്ധ കമ്പനികളെ അമേരിക്കക്കാരുടെ സുരക്ഷയെ സംരക്ഷിക്കാനെന്ന പേരില്‍, അമേരിക്കയിലെ തന്നെ അംഗീകൃത കമ്പനികള്‍ക്കോ വ്യക്തികള്‍ക്കോ വില്‍ക്കുക എന്നത് വാണിജ്യപരമായും, സാങ്കേതികപരമായും, നിയമപരമായും സാധ്യമല്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. പുതിയ നിയമം അമേരിക്കയില്‍ ടിക് ടോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിലേക്ക് ചെന്നെത്തിക്കുമെന്നും, അത് 170 മില്യണില്‍പരം അമേരിക്കന്‍ ടിക് ടോക് ഉപയോക്താക്കളെ ബാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
പെന്‍ അമേരിക്ക പോലുള്ള അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പ്രചാരകര്‍ ടിക് ടോക്കിന് അനുകൂലമായി രംഗത്ത് വന്നിട്ടുണ്ട്. നിയമത്തിനെതിരെ മുന്നോട്ട് വന്നിട്ടുള്ള മറ്റു സംഘടനകളും കമ്പനികളും, വാണിഭത്തിനേയും കച്ചവടങ്ങളേയും പരസ്യങ്ങളേയും കോണ്ടന്റ് സൃഷ്ടാക്കളെയും സാരമായി ബാധിക്കുന്നതാണ് പുതിയ നിയമമെന്ന് അഭിപ്രായപ്പെട്ടു. അവരില്‍ ചിലരും കേസിന്റെ ഭാഗമായി കക്ഷിചേര്‍ന്നിട്ടുണ്ട്. കേസിന്റെ നടത്തിപ്പിനായുള്ള മുഴുവന്‍ തുകയും വഹിക്കുന്നത് ടിക് ടോക്കാണ്.
ടിക് ടോക് അമേരിക്കന്‍ പൗരരുടെ വിവരങ്ങള്‍ ശേഖരിക്കുന്നെന്നും, ഈ രേഖകള്‍ പഠനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നുവെന്നും, ഇവ ചൈനീസ് സര്‍ക്കാരിന്റെ കൈകളില്‍ എത്തിച്ചേരുമെന്നും യുഎസ് സര്‍ക്കാര്‍ വാദിക്കുന്നു. അത് തടയാനായാണ് ഇത്തരത്തിലൊരു നിയമം മുന്നോട്ട് കൊണ്ടുവന്നതെന്ന് യുഎസ് സര്‍ക്കാര്‍ അവകാശപ്പെടുന്നു.
അമേരിക്കന്‍ പൗരരുടെ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാരിന് കൈമാറുന്നില്ലെന്നും, യുഎസ് സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ സ്ഥിരീകരിക്കാന്‍ കഴിയാത്തതാണെന്നുമാണ് ഇതിന് ടിക് ടോക് നല്‍കിയ മറുപടി. ഫെഡറല്‍ കോടതിയിലെ കേസില്‍ പരാജയപ്പെടുന്ന കക്ഷി, സുപ്രീം കോടതിയിലേക്ക് അപ്പീലുമായി പോവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു.