വിദ്യാര്‍ത്ഥി സംഘടനയ്ക്ക് നിരോധനവുമായി ടിസ്
അധ്യാപക-അനധ്യാപക ജീവനക്കാരെ പുറത്താക്കല്‍, ദളിത് ഗവേഷക വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍, എന്നീ വിവാദ തീരുമാനങ്ങള്‍ക്ക് പിന്നാലെ വിദ്യാര്‍ത്ഥി സംഘടനയ്ക്ക് നിരോധനമേര്‍പ്പെടുത്തി ടിസ് അധികൃതര്‍. ഒരു ദശകത്തിലേറെയായി ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ (ടിസ്) പ്രവര്‍ത്തിക്കുകയും തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് ജയിക്കുകയും ചെയ്തിട്ടുള്ള പ്രോഗ്രസീവ് സ്റ്റുഡന്റ്‌സ് ഫോറം എന്ന വിദ്യാര്‍ത്ഥി സംഘടനക്കാണ് കഴിഞ്ഞ ദിവസം ( ഓഗസ്റ്റ്19) നിരോധനം ഏര്‍പ്പെടുത്തിയത്. ടിസ് രജിസ്ട്രാര്‍ അതുല്‍ സുതാര്‍ പുറത്തിറക്കിയ നിരോധന ഉത്തരവില്‍ പി എസ് എഫ് അനധികൃതവും നിയമവിരുദ്ധവുമായ സംഘടനയാണെന്ന് ആരോപിക്കുന്നു. രജിസ്ട്രാര്‍ അനധികൃതമെന്ന് ആരോപിക്കുന്ന സംഘടനയിലെ അംഗമാണ് ഇത്തവണ കാലാവധി അവസാനിക്കുന്ന വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് പ്രസിഡന്റ്. ഇതിന് മുമ്പ് നിരവധി തവണ വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരാവാഹികളായി ഈ സംഘടനയിലെ അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഒന്നര മാസം മുമ്പ് അധ്യാപക-അനധ്യാപക ജീവനക്കാരായ നൂറോളം പേരെ പൊടുന്നനെ പിരിച്ചുവിട്ട നടപടിയായിരുന്നു ടിസ്സിനെ വാര്‍ത്തകളില്‍ നിറച്ചത്. അതിന് തൊട്ട് മുമ്പായിരുന്നു ദളിത് ഗവേഷക വിദ്യാര്‍ത്ഥിയായ രാംദാസിനെതിരായ സസ്‌പെന്‍ഷന്‍ നടപടി. രണ്ട് വര്‍ഷത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, തെറ്റായ പ്രവര്‍ത്തനങ്ങള്‍ എന്നിവ ആരോപിച്ചാണ് രാംദാസിനെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിച്ചതിനാണ് ടിസ് അധികാരികള്‍ രാംദാസിനെതിരെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. നിലവില്‍ ഈ കേസ് കോടതിയുടെ പരിഗണനയിലാണ്.
രാംദാസിനെ പുറത്താക്കിയത് ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളുടെ വിവിധ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് പി എസ് എഫ് എന്ന് ടിസ്സിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നു. നൂറോളം അധ്യാപക-അനധ്യാപക ജീവനക്കാരെ പുറത്താക്കിയ നടപടിക്കെതിരെ ക്യാംപസിലും പുറത്തും പ്രതിഷേധം ഉയര്‍ത്തുന്നതില്‍ പി എസ് എഫ് പ്രധാന പങ്ക് വഹിച്ചിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ അവകാശപ്പെടുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പിഎസ്എഫ് ഇടപെട്ട നിരവധി സംഭവങ്ങള്‍ ക്യാംപസിലുണ്ടായി. ഇത് വലിയ സംവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. 2023 ജനുവരിയില്‍ ബി ബി സിയുടെ ഇന്ത്യ- ദ് മോദി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കല്‍, മാര്‍ച്ചില്‍ ഭഗത് സിംഗ് സ്മാരക പ്രഭാഷണം എന്നിവയുമായി ബന്ധപ്പെട്ട് ടിസ് അധികൃതരും പി എസ് എഫും വിയോജിപ്പിലായിരുന്നു. ഭഗത് സിങ് സ്മാരക പ്രഭാഷണം നടത്താനുള്ള അനുമതി നിഷേധിച്ചതിനെതിരെ ടിസ് ഡയറക്ടറുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ പ്രതിഷേധം സംഘടന നടത്തിയിരുന്നു.
വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ സൗകര്യം ഫീസ് അടയ്ക്കാനുള്ള സമയം നീട്ടി നല്‍കല്‍, അക്കാദമിക സ്വാതന്ത്ര്യം തുടങ്ങി സ്ത്രീകള്‍ക്ക് നേരെ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെയും പ്രചാരണ പ്രക്ഷോഭ പരിപാടികളിലും പി എസ് എഫ് സജീവമാണ്. വിദ്യാര്‍ത്ഥികളുടെ കലാ സാംസ്‌കാരിക മേഖലകളിലും സജീവമായിരുന്നു. വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങളും സെമിനാറുകളും സംഘടിപ്പിച്ച് കൊണ്ട് ക്യാംപസിന് പുറത്തും പി എസ് എഫ് ശ്രദ്ധ നേടിയിരുന്നു.
പ്രോഗ്രസീവ് സ്റ്റുഡന്‍സ് ഫോറം എന്ന സംഘടന അനധികൃതവും നിയമവിരുദ്ധവുമാണ് എന്ന് രജിസ്ട്രാര്‍ അനില്‍ സുതാര്‍ പുറത്തിറക്കിയ നിരോധന ഉത്തരവിലെ ആദ്യവരിയില്‍ ആരോപിക്കുന്നു. ഈ സംഘടനയ്ക്ക് മേല്‍ ഉടനടി നിരോധനം പ്രഖ്യാപിക്കുകയാണെന്നാണ് ഉത്തരവില്‍ പറയുന്നത്. ഈ സംഘടനയ്ക്ക് ക്യാംപസില്‍ പ്രവര്‍ത്തിക്കാനോ പരിപാടികള്‍ സംഘടിപ്പിക്കാനോ അനുവാദമുണ്ടാകില്ലെന്ന് ഉത്തരവ് വിശദീകരിക്കുന്നു. അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ ഉടനടി നടപടിയുണ്ടാകുമെന്നും രജിസ്ട്രാര്‍ പറയുന്നു. സ്ഥാപനത്തെ മോശമായി ചിത്രീകരിക്കുകയും വിദ്യാര്‍ത്ഥികള്‍ക്കിടയിലും ഫാക്കല്‍റ്റിക്കിടയിലും വിഭാഗീയത സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ഈ സംഘടനയെന്നും രജിസ്ട്രാര്‍ ആരോപിക്കുന്നു.
സംഘടനയുമായി സഹകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് രജിസ്ട്രാര്‍ വിശദീകരിക്കുന്നു.
പി എസ് എഫുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നവരുടെ വിവരങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കുമെന്നും അത്തരം വിവരങ്ങള്‍ കൈമാറുന്നത് സ്വാഗതാര്‍ഹമാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍, വര്‍ഷങ്ങളായി ടിസില്‍ സജീവമായിരുന്ന ഒരു സംഘടന പൊടുന്നനെ എങ്ങനെയാണ് അനധികൃതവും നിയമവിരുദ്ധവുമാകുകയെന്ന മറുചോദ്യമാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്. എസ് എഫ് ഐയുമായി അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പി എസ് എഫ്. കഴിഞ്ഞ കുറച്ചു കാലമായി ടിസ്സില്‍ അക്കാദമിക് പ്രവര്‍ത്തനങ്ങളെയും വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളെയും പിന്നോട്ടടിക്കുന്ന നിലപാടാണ് ടിസ് അഡ്മിനിസ്‌ട്രേഷന്‍ സ്വീകരിക്കുന്നത്. ഇതിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ പ്രധാനപ്പെട്ടതാണ് പി എസ് എഫ് എന്ന് സംഘടനയില്‍ അംഗമല്ലാത്ത വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പറയുന്നു.
ടിസ് അധികൃതര്‍ സ്വീകരിക്കുന്ന ചില നടപടികള്‍ക്കെതിരെ ഒപ്പ് ശേഖരണ ക്യാംപെയിന്‍ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു തങ്ങളെന്നും അത് ആരംഭിക്കുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പ് ഇറക്കിയ നിരോധന ഉത്തരവ് അത്ഭുതപ്പെടുത്തുന്നുവെന്നും പി എസ് എഫ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഈ ഉത്തരവിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് പി എസ് എഫുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.