TMJ
searchnav-menu
post-thumbnail

TMJ Daily

മറ്റൊരു ദുരന്തമായി ടൈറ്റൻ; അഞ്ച് യാത്രികരും മരിച്ചെന്ന് സ്ഥിരീകരിച്ച് കമ്പനി

23 Jun 2023   |   2 min Read
TMJ News Desk

തിരിച്ചുവരുമെന്ന പ്രതീക്ഷകൾ അവസാനിപ്പിച്ച്, ടൈറ്റൻ സമുദ്രപേടകത്തിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചെന്ന് പേടകത്തിന്റെ ഉടമകളായ ഓഷൻ ഗേറ്റ് എക്‌സ്‌പെഡിഷൻസ് കമ്പനി സ്ഥിരീകരിച്ചു. പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നും മൃതദേഹങ്ങൾ വീണ്ടെടുക്കുക ദുഷ്‌കരമെന്നും യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു. പേടകത്തിന്റെ മുൻഭാഗം ഉൾപ്പെടെയുള്ള ഭാഗങ്ങളാണ് കണ്ടെത്തിയത്. സമ്മർദത്തിൽ പേടകം പൊട്ടിത്തെറിച്ചതായാണ് നിഗമനം. കടലിന്റെ അടിത്തട്ടിലുള്ള തിരച്ചിൽ തുടരുമെന്നും അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇതുവഴി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോസ്റ്റ് ഗാർഡ് പറഞ്ഞു.

ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്‌റ്റോക്ടൻ റഷ്, ദുബായിലെ ബ്രിട്ടീഷ് വ്യവസായിയും ആക്ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാകിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹാസാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെന്റി നാർസലേ എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. ബഹിരാകാശത്തേക്ക് പറന്ന് മൂന്ന് ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കിയ പ്രശസ്ത പര്യവേഷകനാണ് എയർക്രാഫ്റ്റ് സ്ഥാപനമായ ആക്ഷൻ ഏവിയേഷന്റെ ചെയർമാനായ 58 കാരൻ ഹാമിഷ് ഹാർഡിങ്ങ്. ഹാർഡിങ്ങിനെ സംബന്ധിച്ചിടത്തോളം ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ സന്ദർശിക്കാനുള്ള യാത്ര സാഹസികതകളുടെ പുതിയ ഏടായിരുന്നു. മൂന്ന് ലോക റെക്കോർഡുകൾ സ്വന്തമാക്കിയ ഹാർഡിങ്ങ് രണ്ടു തവണ ദക്ഷിണധ്രുവത്തിലെത്തി. 2022 ൽ ബഹിരാകാശ യാത്രയും നടത്തിയിരുന്നു. നമീബിയയിൽ നിന്ന് ഇന്ത്യയിലേക്ക് എട്ട് ചീറ്റകളെ എത്തിച്ച ബോയിങ് വിമാനം ഏർപ്പെടുത്തിയത് ഹാർഡിങ്ങായിരുന്നു.

ആഴങ്ങളിൽ പതിഞ്ഞ് ടൈറ്റൻ

കടലിനടിയിലുള്ള ടൈറ്റാനിക് കപ്പൽ കാണാൻ യാത്രികരുമായി ആഴക്കടലിലേക്ക് പോയതായിരുന്നു ടൈറ്റൻ. ജലപേടകത്തിന് സമുദ്രോപരിതലത്തിൽ ഉണ്ടായിരുന്ന കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടത്  യാത്ര തുടങ്ങി ഒരു മണിക്കൂർ 45 മിനിട്ടിനകമായിരുന്നു. പേടകത്തിൽ ഉള്ളവരുടെ ആരോഗ്യസ്ഥിതി കൃത്യമായി വിലയിരുത്തി മുന്നറിയിപ്പ് നൽകാനും, അടിയന്തര ഘട്ടത്തിൽ സുരക്ഷിതമായി സമുദ്രോപരിതലത്തിലേക്ക് തിരിച്ചെത്താനും കഴിയുന്ന സംവിധാനങ്ങൾ പേടകത്തിൽ ഉണ്ടായിരുന്നു. എന്നാൽ കപ്പലുമായി ബന്ധം വിച്ഛേദിക്കപ്പെട്ട ശേഷം ടൈറ്റനിൽ നിന്ന് ഒരു സൂചനയും ലഭിച്ചില്ല. അന്തർവാഹിനിയിലുള്ളവരെ സുരക്ഷിതമായി കണ്ടെത്താനും രക്ഷിക്കാനും ഉള്ള സാധ്യതകൾ വളരെ കുറവാണെന്ന മുന്നറിയിപ്പ് വിദഗ്ധർ നല്കിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് രണ്ട് ജീവനക്കാരുൾപ്പെടെ അഞ്ചുപേരുമായി പോയ ടൈറ്റൻ എന്ന മുങ്ങിക്കപ്പൽ കാണാതാകുന്നത്. അപകടത്തിൽപ്പെട്ട അന്തർവാഹിനിക്ക് നേരത്തെയും സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചിരുന്നതായും പറയപ്പെടുന്നു. 2018 ൽ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ടൈറ്റാനിക് പര്യവേഷണ കമ്പനിയായ ഓഷ്യൻഗേറ്റിന് യുഎസ് കോടതി മുന്നറിയിപ്പ് നൽകിയിരുന്നതായാണ് വിവരം. 2021 ൽ ആയിരുന്നു ഓഷ്യൻ ഗേറ്റ് എക്സ്പെഡിഷൻസ്, ഈ അന്തർവാഹിനി ഉപയോഗിച്ചുള്ള ആദ്യ സമുദ്രാന്തർ ദൗത്യം നടത്തിയത്. അതുപക്ഷേ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ തേടിയുള്ള യാത്ര ആയിരുന്നില്ല എന്നാണ് റിപ്പോർട്ട്. ഓഷ്യൻഗേറ്റ് പറയുന്നതനുസരിച്ച് ടൈറ്റന് ഏകദേശം 10,432 കിലോഗ്രാം ഭാരമുണ്ട്. 6.7 മീറ്ററാണ് നീളം. കാർബൺ, ഫൈബർ, ടൈറ്റാനിയം എന്നിവ ഉപയോഗിച്ചാണ് ടൈറ്റൻ എന്ന അന്തർവാഹിനി നിർമിച്ചിരിക്കുന്നത്. പേടകത്തിന്റെ ഇരുഭാഗത്തുമായി ടൈറ്റാനിയം കവചങ്ങളും എയറോസ്പേയ്സും ഉണ്ട്. സമുദ്രാന്തർഭാഗത്ത് 13,123 അടി താഴ്ചയിൽ ടൈറ്റന് സഞ്ചരിക്കാൻ കഴിയും. അതായത് ഏകദേശം 4000 മീറ്റർ ആഴത്തിൽ എന്നാണ് കമ്പനിയുടെ അവകാശവാദം.

അവസാന നിമിഷം വരെയും പ്രതീക്ഷ കൈവിടാതെ

അന്തർവാഹിനിക്കായുള്ള തിരച്ചിൽ ഊർജിതമാക്കവെ, കടലിനടിയിൽ നിന്നും വലിയ ശബ്ദങ്ങൾ കേട്ടത് പ്രതീക്ഷ നല്കിയിരുന്നു. ഓരോ 30 മിനിറ്റിലും ശബ്ദം കേൾക്കുന്നതായി റിപ്പോർട്ടുകൾ വന്നെങ്കിലും  പേടകത്തെ കണ്ടെത്താനായില്ല. തിരച്ചിലിൽ പങ്കാളിയായ കനേഡിയൻ പി-3 എയർക്രാഫ്റ്റിനാണ് കടലിനടിയിൽ നിന്നും മുഴക്കം കേൾക്കാനായത്. സമുദ്രത്തിൽ നിന്നുവരുന്ന ശബ്ദം യാത്രാ സംഘത്തിൽ നിന്നുള്ളതാണെന്നും തീർച്ചയായും അവർ ഓക്‌സിജനും, ഊർജവും ഒരേസമയം ശേഖരിച്ചുവയ്ക്കുകയാണെന്നും പ്രമുഖ പര്യവേഷകനായ ക്രിസ് ബ്രൗണ്ട് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ശബ്ദം കേട്ട് ഏറെസമയം കഴിഞ്ഞിട്ടും ശുഭകരമായതൊന്നും കണ്ടെത്താനാവാത്തത് തിരിച്ചടിയാകുമോ എന്ന് ഭയം യുഎസ് കോസ്റ്റ് ഗാർഡും പ്രകടിപ്പിക്കുകയുണ്ടായി. തിരച്ചിലിനായി കടലിന്റെ എത്ര ആഴത്തിലും എത്താൻ കഴിവുള്ള ബ്രിട്ടനിൽ നിന്നുള്ള വിദഗ്ധ സംഘവും പേടകത്തിനായുള്ള തിരച്ചിലിന്റെ ഭാഗമായുണ്ടായിരുന്നു. നിർഭാഗ്യവശാൽ യാത്രികരെ രക്ഷിക്കാനായില്ല.

അടിത്തട്ടിലെ കൂടിയ മർദവും തണുപ്പും രക്ഷാപ്രവർത്തനത്തിനും വിലങ്ങുതടിയായിരുന്നു. കടലിന്റെ അടിത്തട്ടിൽ ടൈറ്റൻ കുടുങ്ങിപ്പോയെങ്കിൽ അതു പൊക്കിയെടുത്ത് ഉപരിതലത്തിലെത്തിക്കുക അസാധ്യമെന്നാണ് വിദഗ്ധർ വിലയിരുത്തിയിരുന്നത്. യുഎസ് കോസ്റ്റ് ഗാർഡാണ് തിരച്ചിലിന് നേതൃത്വം നൽകിയത്. കനേഡിയൻ നാവികസേനയും ഡീപ് എനർജി എന്ന മറ്റൊരു കപ്പലും അമേരിക്കൻ കോസ്റ്റ് ഗാർഡിന്റെ രണ്ട് വിമാനങ്ങളും നിരീക്ഷണ പറക്കൽ നടത്തിയിരുന്നു. യുഎസ്, കാനഡ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ സംയുക്ത രക്ഷാപ്രവർത്തനമാണ് ചരിത്രത്തിലെ തന്നെ ഏറ്റവും ദുഷ്‌കരമായ ദൗത്യത്തിനായി അണിനിരന്നത്.


#Daily
Leave a comment