TMJ
searchnav-menu
post-thumbnail

TMJ Daily

ശ്രീനാരായണ ഗുരു സ്ഥാപിച്ച തലശ്ശേരി ജഗനാഥ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ഷര്‍ട്ടൂരണം

03 Jan 2025   |   1 min Read
TMJ News Desk

ചില ക്ഷേത്രത്തില്‍ ഷര്‍ട്ടൂരി പ്രവേശിക്കണമെന്ന അനാചാരം അവസാനിപ്പിക്കണമെന്ന് ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെടുമ്പോഴും ശ്രീനാരായണ ഗുരു തലശ്ശേരിയില്‍ സ്ഥാപിച്ച ജഗനാഥ ക്ഷേത്രത്തില്‍ ഇപ്പോഴും പുരുഷന്‍മാര്‍ക്ക് ഷര്‍ട്ടൂരിയശേഷം മാത്രമേ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. ശിവഗിരി തീര്‍ത്ഥാടനത്തോട് അനുബന്ധിച്ചുള്ള സമ്മേളനത്തില്‍ വച്ചാണ് സ്വാമി സച്ചിദാനന്ദ ഷര്‍ട്ടൂരല്‍ അനാചാരം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയെ പിന്തുണച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം മന്നം ജയന്തിയോട് അനുബന്ധിച്ചുള്ള സമ്മേളനത്തില്‍ എന്‍എസ്എസ് ഈ ആവശ്യത്തിന് എതിരെ രംഗത്തെത്തിയിരുന്നു. ആചാരങ്ങളില്‍ മാറ്റം വരുത്താന്‍ പാടില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു.

ജഗന്നാഥ ക്ഷേത്രത്തില്‍ പുരുഷന്‍മാര്‍ക്ക് ഷര്‍ട്ട് ധരിച്ച് പ്രവേശിക്കാന്‍ രണ്ട് വര്‍ഷം മുമ്പ് അനുവാദം നല്‍കാന്‍ തീരുമാനിച്ചിരുന്നുവെന്നും സമൂഹത്തിലെ ചില കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായ എതിര്‍പ്പിനെ തുടര്‍ന്ന് ഈ നീക്കം അവസാനിപ്പിച്ചുവെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ ക്ഷേത്രത്തില്‍ പുരുഷന്‍മാര്‍ക്ക് ഷര്‍ട്ട് ധരിക്കാന്‍ അനുവാദം നല്‍കാനുള്ള പ്രചാരണം താമസിയാതെ വീണ്ടും ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ജഗനാഥ ക്ഷേത്രത്തിന്റെ മാനേജിങ് കമ്മിറ്റിയായ ജ്ഞാനോദയ യോഗം മുമ്പ് ഷര്‍ട്ട് ധരിച്ച പുരുഷന്‍മാരെ അനുവദിക്കാന്‍ രണ്ട് വര്‍ഷം മുമ്പ് തീരുമാനിച്ചുവെന്നും എന്നാല്‍ ചില കേന്ദ്രങ്ങളില്‍ നിന്നുമുള്ള എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍മാറിയെന്നും പ്രസിഡന്റ് കെ സത്യന്‍ പറയുന്നു. സ്വാമി സച്ചിദാനന്ദയുടെ ഇപ്പോഴത്തെ ആഹ്വാനത്തെ തുടര്‍ന്ന് മുന്‍ തീരുമാനം അഭിപ്രായ സമന്വയത്തിലൂടെ നടപ്പിലാക്കുന്നതിനുള്ള ശ്രമം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം തീരുമാനങ്ങള്‍ ഭക്തര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാകില്ലെന്നും സമവായത്തിലൂടെ മാത്രമേ നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പുതിയ സംഭവ വികാസങ്ങളെ തുടര്‍ന്ന് ഡ്രസ് കോഡ് മാറ്റാന്‍ കമ്മിറ്റി സത്യസന്ധമായി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ക്ഷേത്രത്തില്‍ ദശാബ്ദങ്ങളായി പിന്തുടരുന്ന ആചാരങ്ങള്‍ രാഷ്ട്രീയക്കാര്‍ അല്ലെങ്കില്‍ സമുദായ നേതാക്കള്‍ക്ക് മാറ്റാനാകില്ലെന്ന് തന്ത്രി രാകേഷ് പറയുന്നു. ക്ഷേത്ര പൂജാരികളുടെ വേദിയില്‍ ചര്‍ച്ച ചെയ്തശേഷമേ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്തുന്ന തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

1908-ല്‍ ശ്രീനാരായണ ഗുരു സ്ഥാപിച്ചതാണ് ജഗന്നാഥ ക്ഷേത്രം. ഗുരു ജീവിച്ചിരിക്കേ ഗുരുവിന്റെ പ്രതിമ സ്ഥാപിച്ചതും ഇവിടെയാണ്.


#Daily
Leave a comment