PHOTO: PTI
ഉപയോക്താക്കളില്‍ പകുതി പേരെയും പുകയില കൊല്ലുന്നു: WHO
പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരില്‍ പകുതിയോളം പേര്‍ മരണത്തിന് കീഴടങ്ങുന്നതായി WHO. ഓരോ വര്‍ഷവും 8 ദശലക്ഷത്തിലധികം ആളുകളുടെ മരണത്തിനാണ് പുകയില കാരണമാകുന്നത്. ലോകത്താകെ 1.3 ബില്യണ്‍ പുകയില ഉപയോക്താക്കളാണ് ഉള്ളത്. ലോക ജനസംഖ്യയുടെ 22.3 ശതമാനമാണ് പുകയില ഉപയോഗിക്കുന്നത്. ഇതില്‍ 36.7 ശതമാനം പുരുഷന്മാരും 7.8 ശതമാനം സ്ത്രീകളുമാണ്.
പുകയിലകൊണ്ടുള്ള ഭവിഷ്യത്തുകള്‍ ഒഴിവാക്കുന്നതിനായി 2003 ലാണ് ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ടുബാക്കോ കണ്‍ട്രോള്‍ WHO നടപ്പിലാക്കിയത്. നിലവില്‍ 182 രാജ്യങ്ങള്‍ ഈ ഉടമ്പടിയില്‍ കക്ഷികളായി തുടരുന്നുണ്ട്. എന്നാല്‍ ലോകമെമ്പാടും പ്രതിവര്‍ഷം 8 ദശലക്ഷത്തിലധികം ആളുകളുടെ മരണത്തിന് കാരണമാകുന്ന, ലോകം ഇതുവരെ അഭിമുഖീകരിച്ചിട്ടുള്ള ഏറ്റവും വലിയ പൊതുജനാരോഗ്യ ഭീഷണികളിലൊന്നാണ് പുകയില ഉപയോഗത്തിലെ വ്യാപനം. 7 ദശലക്ഷം മരണങ്ങള്‍ക്ക് കാരണം നേരിട്ടുള്ള പുകയിലയുടെ ഉപയോഗമാണെന്ന് WHO വ്യക്തമാക്കുന്നു.
പുകയില അടിച്ചേല്‍പ്പിക്കുന്ന ദുരന്തം
പല രീതിയിലും പുകയിലയുടെ ഉപയോഗം നിലനില്‍ക്കുന്നു. അതില്‍ ഏറ്റവും സാധാരണമായ രീതിയാണ് സിഗരറ്റിന്റെ ഉപയോഗം. ലോകമെമ്പാടുമുള്ള 1.3 ബില്യണ്‍ പുകയില ഉപഭോക്താക്കളില്‍ 80 ശതമാനവും താഴ്ന്നതോ ഇടത്തരമോ വരുമാനമുള്ള രാജ്യങ്ങളിലെ പൗരന്മാരാണ്. ഈ രാജ്യങ്ങളില്‍ പുകയിലയുടെ ഉപയോഗം കാരണം ഉണ്ടാകുന്ന അസുഖങ്ങളും മരണങ്ങളും കൂടുതലാണ്. പുകയിലയുടെ ഉപയോഗം ദാരിദ്ര്യത്തിലേക്ക് നയിക്കുന്നതായും WHO ചൂണ്ടിക്കാട്ടുന്നു. കൂടാതെ പുകയില ഉത്പന്നങ്ങളുടെ അനധികൃത വ്യാപാരം ലോകമെമ്പാടുമുള്ള ആരോഗ്യ-സാമ്പത്തിക സുരക്ഷയില്‍ ആശങ്കകള്‍ ഉയര്‍ത്തുന്നതാണ്. ആഗോള തലത്തില്‍ ഉപയോഗിക്കുന്ന ഓരോ 10 സിഗരറ്റുകളിലും/പുകയില ഉത്പന്നങ്ങളിലും ഒരെണ്ണം നിയമ വിരുദ്ധമാണെന്ന് കണക്കാക്കപ്പെടുന്നു. പുകയില ഉത്പന്നങ്ങളുടെ വിലയും നികുതിയും വര്‍ധിപ്പിക്കുകയാണെങ്കില്‍ അനധികൃത വ്യാപാരം ഒരു പരിധിവരെ തടയാന്‍ സാധിക്കും. പുകയില അടിച്ചേല്‍പ്പിക്കുന്ന മാനുഷീകവും സാമ്പത്തീകവുമായ ദുരന്തത്തിന്റെ തോത് ഞെട്ടിപ്പിക്കുന്നതാണെന്നും എന്നാല്‍ ഇത് തടയാവുന്നതാണെന്നും WHO വ്യക്തമാക്കുന്നുണ്ട്.
ഇലക്ട്രോണിക് സിഗരറ്റ്
ഇന്ത്യ ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും ഇലക്ട്രോണിക് സിഗരറ്റ് നിരോധിച്ചിട്ടുണ്ട്. പുകയിലയുപയോഗത്തെക്കാള്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവ ഉണ്ടാക്കും എന്നതാണ് നിരോധനത്തിനുള്ള ഒരു പ്രധാന കാരണം. ഇ-സിഗരറ്റ് വില്‍പ്പന നടത്തിയ 15 വെബ്സൈറ്റുകള്‍ക്ക് ഇന്ത്യന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജൂലൈ 18 ന് നോട്ടീസ് അയച്ചിരുന്നു. ഇന്ത്യയില്‍ നിരോധിച്ചിരിക്കുന്ന ഉത്പ്പന്നത്തിന്റെ പരസ്യവും വില്‍പ്പനയും നിര്‍ത്താനും നിര്‍ദേശം നല്‍കി. നിയമം കര്‍ശനമായി നടപ്പിലാക്കുന്നതിനായി കേന്ദ്രം അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇലക്ട്രോണിക് സിഗരറ്റുകള്‍ വില്‍ക്കുന്നതിലും പരസ്യം ചെയ്യുന്നതിലുമെല്ലാം മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മന്ത്രാലയം പൊതു അറിയിപ്പ് നല്‍കിയത്.
ഇലക്ട്രോണിക് സിഗരറ്റുകളുടെ നിര്‍മാണം, വില്‍പ്പന, ഓണ്‍ലൈന്‍ വില്‍പ്പന, കയറ്റുമതി, പരസ്യം ചെയ്യല്‍ എന്നിവ ഇന്ത്യയില്‍ നിയമപരമായി ശിക്ഷാര്‍ഹമാണ്. ഇലക്ട്രോണിക് സിഗരറ്റ് നിരോധന നിയമം 2019 ലാണ് നിലവില്‍ വന്നത്. 2019 സെപ്തംബര്‍ 18 നാണ് ഇ-സിഗരറ്റ് നിരോധിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടുവിച്ചത്. നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കും. ഓര്‍ഡിനന്‍സ് പ്രകാരം ഇ-സിഗരറ്റ് സ്റ്റോക്ക് ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ആറുമാസം തടവും 50,000 രൂപ പിഴയും ലഭിക്കും. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് പരമാവധി മൂന്ന് വര്‍ഷം വരെ തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും.
ബ്രസീല്‍, മെക്സിക്കോ, തായ്ലാന്‍ഡ് എന്നിവയുള്‍പ്പെടെ 30 ലധികം രാജ്യങ്ങള്‍ ഇ-സിഗരറ്റിന്റെ നിര്‍മ്മാണവും വ്യാപാരവും പരസ്യവും ഉള്‍പ്പെടെ നിരോധിച്ചിട്ടുണ്ട്. സിംഗപ്പൂരും കംബോഡിയയും ഇ-സിഗരറ്റ് കൈവശം വെക്കുന്നതും നിരോധിച്ചിട്ടുണ്ട്. നിരോധനം നിലനില്‍ക്കുന്നുണ്ടെങ്കിലും യുവാക്കളില്‍ ഇ-സിഗരറ്റിന്റെ ഉപയോഗവും വില്‍പ്പനയും വ്യാപകമായി നടക്കുന്നുണ്ട്. ഓണ്‍ലൈന്‍ സൈറ്റുകളില്‍ കൂടിയാണ് വില്‍പ്പന കൂടുതലും നടക്കുന്നത്. പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളേക്കാള്‍ കൂടുതല്‍ വ്യാപാരം നടക്കുന്നത് ചെറുകിട ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ കൂടിയാണ്. കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളിലായിരുന്നു ആദ്യം ഇ സിഗരറ്റിന്റെ ഉത്പാദനവും വില്‍പ്പനയും നിരോധിച്ചിട്ടുള്ളത്. പിന്നീട് 2019 ലാണ് ഇ-സിഗരറ്റ്, ഇ-നിക്കോട്ടിന്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ ഇലക്ട്രോണിക് നിക്കോട്ടിന്‍ ഡെലിവറി ഉത്പന്നങ്ങളും നിര്‍ത്തലാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടത്. പുകയിലയോട് കൂടുതല്‍ അടുപ്പം സൃഷ്ടിക്കാന്‍ ഇ-സിഗരറ്റ് കാരണമാകുമെന്ന വിദഗ്ധ ഉപദേശത്തെ തുടര്‍ന്നാണ് ആരോഗ്യ മന്ത്രാലയം നടപടി സ്വീകരിച്ചത്.