
മലേഷ്യയില്‍ ചാരിറ്റി ഹോമുകളുടെ മറവില്‍ പീഡനം
മലേഷ്യയില്‍ ഇസ്ലാമിക് ചാരിറ്റി ഹോമുകളുടെ മറവില്‍ ലൈംഗിക പീഡനം. നിരോധിത മതവിഭാഗവുമായി ബന്ധമുള്ള ഒരു ബിസിനസ് സ്ഥാപനം നടത്തുന്ന ചാരിറ്റി ഹോമുകളുടെ മറവില്‍ ആണ് പീഡനം നടന്നതെന്ന് പൊലീസ് ആരോപിക്കുന്നു. ലൈംഗിക ദുരുപയോഗം ചെയ്യപ്പെട്ടതായി സംശയിക്കുന്ന 400ലധികം കുട്ടികളെയാണ് ഈ ചാരിറ്റി ഹോമുകളില്‍ നിന്ന് മലേഷ്യന്‍ പൊലീസ് അധികൃതര്‍ രക്ഷപ്പെടുത്തിയത്. രണ്ട് മലേഷ്യന്‍ സംസ്ഥാനങ്ങളിലെ 20 സ്ഥലങ്ങളിലായി നടത്തിയ റെയ്ഡുകളില്‍ പ്രായപൂര്‍ത്തിയായ 171 പേരെ അറസ്റ്റ് ചെയ്തതായി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് റസാറുദ്ദീന്‍ ഹുസൈന്‍ പറഞ്ഞു.
ഒന്ന് മുതല്‍ പതിനേഴ് വയസ് വരെയുള്ള 201 ആണ്‍കുട്ടികളെയും 201 പെണ്‍കുട്ടികളെയുമാണ് രക്ഷപ്പെടുത്തിയത്. ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, പീഡനം, അവഗണന എന്നിവ ആരോപിച്ച് ഈ മാസം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു അന്വേഷണവും റെയ്ഡും. ഗ്ലോബല്‍ ഇഖ്വാന്‍ സര്‍വ്വീസസ് ആന്‍ഡ് ബിസിനസിന്റെ (ജിഐഎസ്ബി) കീഴിലാണ് ഈ ചാരിറ്റി ഹോമുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ചാരിറ്റി ഹോമുകള്‍ തങ്ങളല്ല നടത്തുന്നതെന്ന് വ്യക്തമാക്കിയ ജിഐഎസ്ബി ലൈംഗികാരോപണങ്ങള്‍ നിഷേധിച്ചു. ഇസ്ലാമിക ദേശീയ നിയമങ്ങള്‍ക്ക് വിരുദ്ധമായി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും ഞങ്ങളുടെ നയത്തിലില്ലെന്നും പൊലീസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്യുമെന്ന് ജിഐഎസ്ബി കൂട്ടിചേര്‍ക്കുന്നു.
ഇന്തോനേഷ്യ, ഈജിപ്ത്, സിംഗപ്പൂര്‍, സൗദി അറേബ്യ, ഫ്രാന്‍സ്, സൗദി അറേബ്യ, തായ്ലന്‍ഡ് എന്നിങ്ങനെ നിരവധി രാജ്യങ്ങളില്‍ സൂപ്പര്‍മാക്കറ്റുകള്‍ മുതല്‍ ലോണ്‍ട്രോ മാര്‍ട്ടുകള്‍ വരെയുള്ള ബിസിനസുകള്‍ ജിഐഎസ്ബിയ്ക്ക് കീഴിലുണ്ട്. റെയ്ഡിലൂടെ രക്ഷപ്പെടുത്തിയ കുട്ടികള്‍ മലേഷ്യയിലെ ജിഐഎസ്ബി ജീവനക്കാരുടെ കുട്ടികള്‍ ആണെന്ന് പ്രാഥമികമായ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 1998-ല്‍ മലേഷ്യന്‍ സര്‍ക്കാര്‍ നിരോധിച്ച അല്‍-അര്‍ഖാം എന്ന മതവിഭാഗവുമായാണ് ജിഐഎസ്ബിയ്ക്ക് ബന്ധമുള്ളത്. കമ്പനി ഈ ബന്ധം അംഗീകരിച്ചിട്ടില്ല. മുസ്ലിം ആചാരങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മയായാണ് ഇവര്‍ സ്വയം വിശേഷിപ്പിക്കുന്നത്.
ഒബീഡിയന്റ് വൈവ്സ് ക്ലബ് എന്ന ഗ്രൂപ്പ് സ്ഥാപിക്കുന്നതിനായി ആഹ്വാനം ചെയ്തയുമായി ബന്ധപ്പെട്ട് കമ്പനി മുമ്പ് വിവാദങ്ങള്‍ നേരിട്ടിരുന്നു. കുട്ടികളെ ആരോഗ്യ പരിശോധനയ്ക്ക് അയക്കുമെന്നും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും മനുഷ്യക്കടത്തും ഉള്‍പ്പെടുന്ന നിയമങ്ങള്‍ പ്രകാരമാവും കേസ് അന്വേഷിക്കുകയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.