
മാനന്തവാടിയില്‍ ആദിവാസിയെ കാറില്‍ വലിച്ചിഴച്ച് ടൂറിസ്റ്റുകള്‍; വധശ്രമത്തിന് കേസ്
മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളില്‍ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം. കൂടക്കടവില്‍ ചെക്ക് ഡാം കാണാനെത്തിയ ടൂറിസ്റ്റുകളാണ് ആദിവാസി യുവാവായ മാതനെ റോഡിലൂടെ വലിച്ചിഴച്ചത്. അക്രമികള്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.
കൈകള്‍ക്കും കാലുകള്‍ക്കും നടുവിനും പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെഎല്‍52 എച്ച് 8733 എന്ന മലപ്പുറം രജിസ്‌ട്രേഷനിലുള്ള കാറില്‍ യാത്ര ചെയ്തിരുന്നവരാണ് അക്രമികള്‍. ഇത് കുറ്റിപ്പുറം സ്വദേശിയായ മുഹമ്മദ് റിയാസിന്റേത് ആണെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് റിയാസ് ആണോ എന്നതില്‍ വ്യക്തതയില്ല.
കാറില്‍ ആകെ അഞ്ച് പേര്‍ ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മൂന്നുപേര്‍ പിറകിലും രണ്ട് പേര്‍ മുന്‍സീറ്റിലും ഇരുന്നിരുന്നു.
വിനോദ സഞ്ചാരികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ സഞ്ചരിച്ച കാറില്‍ കൈകുടുക്കി മാതനെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചത്.
അക്രമികള്‍ കൂടക്കടവിലെ ഒരു കടയുടെ മുന്നില്‍ നിര്‍ത്തുകയും അസഭ്യം പറയുകയും പിന്നാലെ വന്ന മറ്റൊരു കാറില്‍ ഉണ്ടായിരുന്നവരെ കല്ലെടുത്ത് ആക്രമിക്കാനും ശ്രമിച്ചു. ഇത് തടയാന്‍ നാട്ടുകാരനായ മാതന്‍ ഇടപെട്ടപ്പോഴായിരുന്നു കാറില്‍ വലിച്ചിഴച്ചത്.