ടി പി വധക്കേസ്; പ്രതികള്‍ക്ക് വധശിക്ഷയില്ലെന്ന് ഹൈക്കോടതി
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. പ്രതികളായ കെ.കെ.കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തവും ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും പതിനൊന്നാം പ്രതിക്കും 20 വര്‍ഷത്തെ തടവു ശിക്ഷയും കോടതി വിധിച്ചു. കെ.കെ.കൃഷ്ണനും ജ്യോതിബാബുവിനും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. മറ്റ് പ്രതികള്‍ക്ക് മാനസാന്തരത്തിന് സാധ്യതയില്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം. വിധിയില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശമെന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്രധാന വാദങ്ങള്‍
വിചാരണക്കോടതി വിധിച്ച ജീവപരന്ത്യം ശിക്ഷ വധശിക്ഷയായി ഉയര്‍ത്തണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കേസില്‍ കൃത്യമായ തെളിവുകളുണ്ടെന്നും, വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചനയുടെ ഫലമാണ് കൊലപാതകമെന്നും അത് പരിഗണിച്ചുക്കൊണ്ട് ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പ്രതികളുടെ ശിക്ഷ റദ്ദാക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസല്ലെന്നും, വധശിക്ഷ ഉയര്‍ത്താന്‍ ശക്തമായ കാരണങ്ങള്‍ വേണമെന്നും പ്രതിഭാഗം ചൂണ്ടിക്കാണിച്ചു. എന്നാല്‍ പ്രതികളില്‍ ചിലരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ പ്രതികള്‍ക്ക് അനുകൂലമാണെന്ന് കോടതി വാദത്തിനിടെ സൂചിപ്പിച്ചിരുന്നു.
വിചാരണക്കോടതി വിധി ശരിവച്ച് ഹൈക്കോടതി
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ 10 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ഈ മാസം 19 ന് ശരിവച്ചിരുന്നു. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികളുടെ ശിക്ഷയാണ് ശരിവച്ചത്. ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുള്ള വിവിധ അപ്പീലുകളിലായിരുന്നു ഹൈക്കോടതി വിധി പറഞ്ഞത്. അപ്പീല്‍ നല്‍കി പത്താം വര്‍ഷത്തിലാണ് കോടതി വിധി പറഞ്ഞത്. കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നീ രണ്ട് പ്രതികളെ വെറുതെവിട്ട നടപടിയും റദ്ദാക്കിയിരുന്നു.
പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും, സിപിഎം നേതാവ് പി മോഹനന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വിട്ടയച്ചതിനെതിരെ കെ കെ രമയും അപ്പീല്‍ നല്‍കിയിരുന്നു. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചായിരുന്നു കേസില്‍ വിധി പറഞ്ഞത്.
ഗൂഢാലോചനയെന്ന് പ്രതികള്‍
കേസില്‍ എത്ര പ്രതികളുണ്ടെന്ന് എഫ്‌ഐആറില്‍ കൃത്യമായി പറയുന്നില്ലെന്നും, പലരെയും കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു പ്രതികളുടെ വാദം.
എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തന്‍ തുടങ്ങി 11 പ്രതികളെ ജീവപര്യന്തം തടവിനും, കണ്ണൂര്‍ സ്വദേശി ലംബു പ്രദീപിനെ 3 വര്‍ഷത്തെ തടവിനുമാണ് വിചാരണ കോടതി ശിക്ഷിച്ചിരുന്നത്. കേസിലെ ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികളാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍.
കേസിലെ 13-ാം പ്രതിയായ കുഞ്ഞനന്തന്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ 2020 ജൂണ്‍ 11 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വച്ച് മരിച്ചിരുന്നു. കേസില്‍ സിപിഎം നേതാവായ പി മോഹനന്‍ ഉള്‍പ്പെടെ 24 പേരെയാണ് വിട്ടയച്ചത്.
വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് 4 ന് ആര്‍എംപി സ്ഥാപക നേതാവ് ടി പി ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎം വിട്ട് ഒഞ്ചിയത്ത് ആര്‍എംപി എന്ന പാര്‍ട്ടിയുണ്ടാക്കിയതിന്റെ പക തീര്‍ക്കാന്‍ സിപിഎമ്മുകാരായ പ്രതികള്‍ ചന്ദ്രശേഖരനെ കൊലപ്പെടുത്തിയെന്നാണ് കേസ്.