ടി പി വധക്കേസ്; വിചാരണക്കോടതി വിധി ശരിവച്ച് ഹൈക്കോടതി, പ്രതികളുടെ അപ്പീല്‍ തള്ളി
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ 10 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികളുടെ ശിക്ഷയാണ് ശരിവച്ചത്. ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുള്ള വിവിധ അപ്പീലുകളിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. അപ്പീല്‍ നല്‍കി പത്താം വര്‍ഷത്തിലാണ് കോടതി വിധി പറയുന്നത്. കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നീ രണ്ട് പ്രതികളെ വെറുതെവിട്ട നടപടി റദ്ദാക്കി.
പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും, പ്രതികളെ വിട്ടയച്ചതിനെതിരെ കെ കെ രമയും അപ്പീല്‍ നല്‍കിയിരുന്നു. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്.
ഗൂഢാലോചനയെന്ന് പ്രതികള്‍
കേസില്‍ എത്ര പ്രതികളുണ്ടെന്ന് എഫ്ഐആറില്‍ കൃത്യമായി പറയുന്നില്ലെന്നും, പലരെയും കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് പ്രതികളുടെ വാദം.
എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തന്‍ തുടങ്ങി 11 പ്രതികളെ ജീവപര്യന്തം തടവിനും, കണ്ണൂര്‍ സ്വദേശി ലംബു പ്രദീപിനെ 3 വര്‍ഷത്തെ തടവിനുമാണ് വിചാരണ കോടതി ശിക്ഷിച്ചിരുന്നത്. കേസിലെ ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികളാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍.
കേസിലെ 13-ാം പ്രതിയായ കുഞ്ഞനന്തന്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ 2020 ജൂണ്‍ 11 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വച്ച് മരിച്ചു. കേസില്‍ സിപിഎം നേതാവായ പി മോഹനന്‍ ഉള്‍പ്പെടെ 24 പേരെയാണ് വിട്ടയച്ചത്.
വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് 4 ന് ആര്‍എംപി സ്ഥാപക നേതാവ് ടി പി ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎം വിട്ട് ഒഞ്ചിയത്ത് ആര്‍എംപി എന്ന പാര്‍ട്ടിയുണ്ടാക്കിയതിന്റെ പക തീര്‍ക്കാന്‍ സിപിഎമ്മുകാരായ പ്രതികള്‍ ചന്ദ്രശേഖരനെ കൊലപ്പെടുത്തിയെന്നാണ് കേസ്.