
ഇന്ത്യയുമായി വാണിജ്യ കരാർ ഉടൻ: ട്രംപ്
ഇന്ത്യയുമായി ഒരു വാണിജ്യ കരാർ ഉണ്ടാക്കുന്നതിന് അടുത്തെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തായ്‌ലൻഡ്, മ്യാൻമർ, ബംഗ്ലാദേശ്, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവയുൾപ്പെടെ 14 രാജ്യങ്ങൾക്ക് ആഗസ്റ്റ് 1 മുതൽ പുതിയ ഇറക്കുമതി നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന പ്രഖ്യാപനത്തിന് ശേഷമാണ് ഇന്ത്യയുമായി കരാർ ഉടനടി ഉണ്ടാകുമെന്ന് ചൊവ്വാഴ്ച ട്രംപ് പറഞ്ഞത്.
"ഇപ്പോൾ ഞങ്ങൾ യുകെയുമായി ഒരു കരാർ ഉണ്ടാക്കി. ഞങ്ങൾ ചൈനയുമായി ഒരു കരാർ ഉണ്ടാക്കി. ഞങ്ങൾ ഇന്ത്യയുമായി ഒരു കരാർ ഉണ്ടാക്കാൻ അടുത്തു," അദ്ദേഹം പറഞ്ഞു.
"മറ്റുള്ളവരുമായി കൂടിക്കാഴ്ച നടത്തി, ഒരു കരാറിലെത്താൻ കഴിയുമെന്ന് ഞങ്ങൾ കരുതുന്നില്ല, അതിനാൽ അവർക്ക് കത്ത് അയയ്ക്കുന്നു. എത്ര താരിഫ് അടയ്ക്കണമെന്ന് വ്യക്തമാക്കി ഞങ്ങൾ വിവിധ രാജ്യങ്ങളിലേക്ക് കത്തുകൾ അയയ്ക്കുന്നു. ചിലർക്ക്, എന്തെങ്കിലും കാരണമുണ്ടെങ്കിൽ അത് അനുസരിച്ച് അൽപ്പം മാറ്റം വരുത്തിയേക്കാം. ഞങ്ങൾ അതിൽ അന്യായം കാണിക്കില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയിലേക്ക് കയറ്റുമതിയിൽ ശക്തരായ ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവർ മുതൽ ചില ചെറുകിട കയറ്റുമതി രാജ്യങ്ങൾ വരെയുള്ളർക്ക് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചതോടെ ട്രംപ് തുടങ്ങിയ വ്യാപാര യുദ്ധത്തിൽ ഒരു പുതിയ ഘട്ടം എത്തിയതായി കണക്കാക്കപ്പെടുന്നു.
പ്രധാന സഖ്യകക്ഷികളായ ജപ്പാനിലും, ദക്ഷിണ കൊറിയയിൽ നിന്നുമുള്ള എല്ലാ സാധനങ്ങളുടെയും ഇറക്കുമതിക്ക് 25 ശതമാനം നികുതി ഏർപ്പെടുത്തിയത് വാൾസ്ട്രീറ്റിനെ പ്രകോപിപ്പിച്ചതോടെ പ്രധാന സൂചികയായ എസ്&പി 500(SPX) കുത്തനെ പിന്നോട്ട് പോയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് പറഞ്ഞു.
അമേരിക്കയിലേക്ക് താരതമ്യേന ചെറിയ തോതിലുള്ള കയറ്റുമതിക്കാരായ സെർബിയ, തായ്‌ലൻഡ്, ടുണീഷ്യ തുടങ്ങിയവയ്ക്ക് ഉൾപ്പെടെ 14 രാജ്യങ്ങൾ ഇതുവരെ പുതിയ നിരക്കുകൾ സംബന്ധിച്ച കത്തുകൾ അമേരിക്ക അയച്ചു. കത്തുകളിൽ കൂടുതൽ ചർച്ചകൾക്കുള്ള അവസരങ്ങളെക്കുറിച്ച് സൂചന നൽകിയെങ്കിലും, പുതിയ നിരക്കുകൾക്കെതിരെ പ്രതികാര നടപടികൾ സ്വീകരിച്ചാൽ സമാനമായ പ്രതികരണം ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
"ഏതെങ്കിലും കാരണത്താൽ നിങ്ങളുടെ താരിഫ് ഉയർത്താൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, നിങ്ങൾ എത്ര ഉയർത്തുന്നുവോ അത് ഞങ്ങൾ ഈടാക്കുന്ന 25% ലേക്ക് ചേർക്കും," ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ ജപ്പാനും, ദക്ഷിണ കൊറിയയ്ക്കും പുറത്തിറക്കിയ കത്തുകളിൽ പറഞ്ഞു.
ഉയർന്ന താരിഫുകൾ ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ ഓട്ടോമൊബൈൽ, സ്റ്റീൽ, അലുമിനിയം എന്നിവക്ക് നേരത്തെ പ്രഖ്യാപിച്ച താരിഫുകളുമായി പുതിയ നിരക്കുകൾ കൂട്ടികെട്ടില്ല. അതായത്, ജപ്പാനിൽ നിന്നുള്ള വാഹനങ്ങളുടെ ഇറക്കുമതി നിരക്ക് നേരത്തെ പ്രഖ്യാപിച്ച 25 ശതമാനമായി തുടരും. പുതിയ 25 ശതമാനം നിരക്കും കൂടി ചേർന്ന് 50 ശതമാനമാവില്ല.
ഏപ്രിലിൽ ട്രംപ് ആഗോള വ്യാപാര യുദ്ധം അഴിച്ചുവിട്ടശേഷം, ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങൾ അമേരിക്കയുമായി വാണിജ്യ കരാറുകളിൽ ഒപ്പു വയ്ക്കാൻ സമയം തേടുകയാണ്. നേരത്തെയുള്ള പ്രഖ്യാപനപ്രകാരം സമയപരിധി ജൂലൈ 9 ആയിരുന്നു. സമയപരിധി ഓഗസ്റ്റ് 1 വരെ നീട്ടിയ എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് തിങ്കളാഴ്ച ഒപ്പുവച്ചതോടെ ചെറിയ ആശ്വാസമായി.
സമയപരിധി ഉറച്ചതാണോ എന്ന് ചോദിച്ചപ്പോൾ, ട്രംപ് പറഞ്ഞു: "ഞാൻ ഉറച്ചതാണെന്ന് പറയും, പക്ഷേ 100 ശതമാനം ഉറച്ചതല്ല. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് അവർ പറഞ്ഞാൽ, ഞങ്ങൾ അതിനോട് തുറന്ന സമീപനം സ്വീകരിക്കും."


