TMJ
searchnav-menu
post-thumbnail

TMJ Daily

വ്യാപാരയുദ്ധം: ഓഹരി വിപണികള്‍ തിരിച്ചുകയറി

08 Apr 2025   |   1 min Read
TMJ News Desk

യുഎസ് നയിക്കുന്ന ലോക തീരുവ യുദ്ധ ഭീതിയില്‍ ഇന്നലെ തകര്‍ന്നടിഞ്ഞ ഓഹരി വിപണികള്‍ ഇന്ന് കരകയറി. മറ്റ് ഏഷ്യന്‍ വിപണികളെ ചുവടുപിടിച്ച് ഇന്ത്യന്‍ വിപണികളും നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു.

ഇന്ത്യന്‍ ഓഹരി വിപണിയില്‍ തിങ്കളാഴ്ച്ച ഉണ്ടായ തകര്‍ച്ചയില്‍ നിക്ഷേപകര്‍ക്ക് 20 ലക്ഷം കോടി രൂപയാണ് നഷ്ടമുണ്ടായത്. എന്നാല്‍, ഇന്ന് രാവിലെ സെന്‍സെക്‌സ് 1,283.75 പോയിന്റുകളും എന്‍എസ്ഇ 415.95 പോയിന്റുകളും കുതിച്ചു.

സെന്‍സെക്‌സിലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഒഴികെയുള്ള ഓഹരികള്‍ നേട്ടത്തിലാണ്. ടൈറ്റന്‍, അദാനി പോര്‍ട്‌സ്, ബജാജ് ഫിന്‍സെര്‍വ്, എസ്ബിഐ, ആക്‌സിസ് ബാങ്ക്, അള്‍ട്രാടെക് സിമന്റ്, ലാഴ്‌സണ്‍ ആന്‍ഡ് ടൂബ്രോ, ടാറ്റാ സ്റ്റീല്‍ എന്നീ ഓഹരികള്‍ക്ക് മികച്ച നേട്ടമുണ്ടായി.

ഏഷ്യന്‍ വിപണികളില്‍ ജപ്പാന്റെ നിക്കി, ഹോങ്കോങ്ങിന്റെ ഹാങ് സെങ്, ദക്ഷിണ കൊറിയയുടെ കോസ്പി, ഷാങ്ഹായ് എസ്എസ്ഇ കോംപോസിറ്റ് ഇന്‍ഡെക്‌സ് എന്നിവയും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. നിക്കി 5 ശതമാനത്തില്‍ അധികം നേട്ടത്തിലേക്ക് കുതിച്ചു.

അതേസമയം, ചൈനയ്‌ക്കെതിരെ പുതിയ തീരുവകള്‍ ഏര്‍പ്പെടുത്തുമെന്ന യുഎസിന്റെ ഭീഷണിയും കീഴടങ്ങില്ലെന്നും പോരാടുമെന്നുമുള്ള ചൈനയുടെ നിലപാടും ഇപ്പോഴും ഓഹരി വിപണിയില്‍ ഭീതിയുടെ വാളായി നില്‍ക്കുന്നുണ്ട്.

എക്‌സ്‌ചേഞ്ചിലെ വിവരങ്ങള്‍ അനുസരിച്ച് തിങ്കളാഴ്ച്ച വിദേശ സ്ഥാപന നിക്ഷേപകര്‍ ഒമ്പതിനായിരം കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചപ്പോള്‍ ആഭ്യന്തര നിക്ഷേപകര്‍ 12,000 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

ഇന്നലെ സെന്‍സെക്‌സ് 2,226.79 പോയിന്റുകളും നിഫ്റ്റി 742.85 പോയിന്റുകളും ഇടിഞ്ഞിരുന്നു.




#Daily
Leave a comment