
വ്യാപാര യുദ്ധം: ചര്‍ച്ചയ്ക്ക് ചൈനയെ സമീപിച്ച് യുഎസ്
ചൈനയുടെ മേല്‍ ഏകപക്ഷീയമായ 145 ശതമാനം വ്യാപാര തീരുവ അടിച്ചേല്‍പ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ഭരണകൂടം ചൈനയെ സമീപിച്ചുവെന്ന് റിപ്പോര്‍ട്ട്. ചൈനയുടെ ഔദ്യോഗിക മാധ്യമമായ സിസിടിവിയുമായി ബന്ധമുള്ള സാമൂഹിക മാധ്യമ അക്കൗണ്ടായ യുയുആന്‍ താന്‍തിയാനിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ആദ്യം വന്നത്.
തീരുവ വിഷയത്തില്‍ ചര്‍ച്ച നടത്താമെന്ന പ്രതീക്ഷയോടെ വിവിധ മാര്‍ഗങ്ങളിലൂടെ യുഎസ് ചൈനയെ സജീവമായി സമീപിക്കുകയാണെന്ന് ഈ അക്കൗണ്ട് പറയുന്നു.
എന്നാല്‍, തീരുവയെക്കുറിച്ച് ചൈനയും യുഎസും തമ്മില്‍ യാതൊരു ചര്‍ച്ചയും തന്റെ അറിവില്‍ നടക്കുന്നില്ലെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവായ ജുവോ ജിയാകുന്‍ പറഞ്ഞു.
തീരുവ കരാറില്‍ എത്താന്‍ ചൈനയുമായി ചര്‍ച്ച നടത്തുന്നുവെന്ന് ട്രംപ് കഴിഞ്ഞ വെള്ളിയാഴ്ച്ച പറഞ്ഞിരുന്നു. ചൈനീസ് പ്രസിഡന്റായ ഷി ജിന്‍പിങ് തന്നെ വിളിച്ചുവെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍, അത്തരം ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് ചൈന ആവര്‍ത്തിച്ച് നിഷേധിച്ചിരുന്നു. പൊതുജനത്തെ യുഎസ് തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ചൈന ആരോപിച്ചിരുന്നു.