അലി ഖമീനി | PHOTO: FLICKR
ഇസ്രയേലുമായുള്ള വ്യാപാരം നിര്‍ത്തിവെക്കണം; ഇസ്ലാമിക രാജ്യങ്ങളോട് ഇറാന്‍
ഇസ്രയേലുമായുള്ള എല്ലാ വ്യാപാരവും നിര്‍ത്തിവെക്കണമെന്ന് ഇസ്ലാമിക രാജ്യങ്ങളോട് ഇറാന്‍ ആവശ്യപ്പെട്ടു. എണ്ണക്കയറ്റുമതി ഉള്‍പ്പെടെയുള്ളവ നിര്‍ത്തിവെക്കണം എന്നാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി ആവശ്യപ്പെട്ടത്. കുറ്റകൃത്യങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ ശാഠ്യംപിടിക്കണം, ഇസ്ലാമിക രാജ്യങ്ങള്‍ സയണിസ്റ്റ് ഭരണകൂടത്തോട് സാമ്പത്തികമായി സഹകരിക്കരുത്. എണ്ണയുടെയും ഭക്ഷ്യവസ്തുക്കളുടെയും കയറ്റുമതി തടയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പായ ജബലിയക്കുനേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 195 പേരാണ്. 120 പേരെ കാണാതായതായും 777 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 116011 പേര്‍ അഭയം തേടിയ ക്യാമ്പിനു നേരെയുള്ള ഇസ്രയേല്‍ ആക്രമണത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. യുഎന്‍ അധ്യക്ഷന്‍ അന്റോണിയോ ഗുട്ടറസ് സംഭവത്തില്‍ പരിഭ്രാന്തി രേഖപ്പെടുത്തി.
റഫാ അതിര്‍ത്തി തുറന്നു
ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 8796 പലസ്തീനികളാണ്. ഇതില്‍ 3648 കുട്ടികളും 2290 സ്ത്രീകളും ഉള്‍പ്പെടുന്നു. ആയിരക്കണക്കിനാളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഗാസക്കാരെ ഒഴിപ്പിക്കുന്നതിനായി ബുധനാഴ്ച ഈജിപ്ത് ഗാസ അതിര്‍ത്തി താത്ക്കാലികമായി തുറന്നു. ഒക്‌റ്റോബര്‍ ഏഴിന് യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് അതിര്‍ത്തി തുറക്കുന്നത്. 400 ലധികംപേര്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിന്നും റഫ വഴി പലായനം ചെയ് തു എന്നാണ് റിപ്പോര്‍ട്ടുകള്‍. 335 വിദേശികളും പരിക്കേറ്റ 76 ഗാസക്കാരുമാണ് അതിര്‍ത്തി കടന്നത് പലസ്തീന്‍ വ്യക്തമാക്കി. നയതന്ത്ര ചര്‍ച്ചകളുടെ വിജയമാണ് അതിര്‍ത്തി തുറക്കല്‍ എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത്. ചികിത്സക്കായി ഈജിപ്തിലെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കും എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.