PHOTO: WIKI COMMONS
ഓസ്‌ട്രേലിയയിലെ റോഡുകളില്‍ വാഹനാപകട മരണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
ഓസ്‌ട്രേലിയയിലെ റോഡുകളില്‍ ഈ വര്‍ഷം പൊലിഞ്ഞത് 1,253 ജീവനുകളെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്ത് ഈ വര്‍ഷം വാഹനാപകട മരണങ്ങളില്‍ ആറ് ശതമാനത്തിലധികം വര്‍ധനവ് ഉണ്ടായതായാണ് കണക്കുകള്‍ പറയുന്നത്. ഓസ്‌ട്രേലിയന്‍ ഓട്ടോമൊബൈല്‍ അസോസിയേഷനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
അഞ്ചരവര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ മരണനിരക്കാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. 2018 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 1,270 പേര്‍ കൊല്ലപ്പെട്ടതാണ് ഇതിനു മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. റോഡപകടങ്ങള്‍ വര്‍ധിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന നിസംഗതയെ ഓസ്‌ട്രേലിയന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ രൂക്ഷമായി വിമര്‍ശിച്ചു.
മുന്നില്‍ സൗത്ത് ഓസ്‌ട്രേലിയ
സൗത്ത് ഓസ്‌ട്രേലിയയിലാണ് ഏറ്റവുമധികം അപകടങ്ങള്‍ രേഖപ്പെടുത്തിയത്. 2022 ല്‍ 70 മരണങ്ങള്‍ സംഭവിച്ച സ്ഥാനത്ത് 2023 ല്‍ 113 ആയി ഉയര്‍ന്നു. ഓസ്‌ട്രേലിയന്‍ റോഡുകളുടെ ഗുണനിലവാരം, റോഡ് അപകടങ്ങളുടെ കാരണങ്ങള്‍, നിയമപാലനത്തിലെ പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള നിര്‍ണായക ഡാറ്റ സംസ്ഥാന സര്‍ക്കാരുകളുടെ പക്കലുണ്ടെങ്കിലും അത് പൊതുജനങ്ങളുടെ അറിവിലേക്കായി പങ്കിടുന്നില്ലെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു.
മാസന്തോറും റോഡപകടങ്ങളും മരണങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഇതിനെതിരെ നടപടികള്‍ കൈക്കൊള്ളുവാനോ ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാനോ സര്‍ക്കാര്‍ സംവിധാനമൊരുക്കുന്നില്ലെന്ന് അസോസിയേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മൈക്കല്‍ ബ്രാഡ്‌ലി കുറ്റപ്പെടുത്തി. റോഡ് വികസന പദ്ധതികളില്‍ വരുന്ന അഞ്ചുവര്‍ഷത്തെ പങ്കാളിത്തം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ രണ്ടാഴ്ച മുമ്പ് ഫെഡറല്‍, സ്‌റ്റേറ്റ്, ടെറിട്ടറി, ഗതാഗത വകുപ്പ് സംയുക്തമായി യോഗം ചേര്‍ന്നെങ്കിലും യാതൊരു പുരോഗതിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് അസോസിയേഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ന്യൂ സൗത്ത് വെയില്‍സിലും റോഡപകടങ്ങളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 286 ജീവനുകള്‍ പൊലിഞ്ഞ സ്ഥാനത്ത് ഈ വര്‍ഷം 354 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂണില്‍ ഹണ്ടര്‍ വാലിയില്‍ ഒരു വിവാഹച്ചടങ്ങ് കഴിഞ്ഞ് മടങ്ങവേ ബസ് അപകടത്തില്‍ 10 പേര്‍ മരിച്ചതാണ് ഏറ്റവും വലിയ അപകടം.
ക്യാപിറ്റല്‍ ടെറിട്ടറി സുരക്ഷിതം
ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറിയില്‍ മരണനിരക്ക് 85 ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍ പറയുന്നത്. 2022 ല്‍ 20 പേര്‍ മരിച്ച സ്ഥാനത്ത് 2023 ല്‍ മൂന്നുപേരായി ചുരുങ്ങി. ടാസ്മാനിയയിലും മരണനിരക്ക് 44.4 ശതമാനം കുറഞ്ഞിട്ടുണ്ട്. നോര്‍ത്തേണ്‍ ടെറിട്ടറിയിലും അപകട മരണനിരക്ക് 45.1 ശതമാനം കുറഞ്ഞു.
സംസ്ഥാന, ടെറിട്ടറി സര്‍ക്കാരുകള്‍ ഡാറ്റ പുറത്തുവിടുന്നത് റോഡ് സുരക്ഷയ്ക്ക് മാത്രമല്ലെന്നും സുരക്ഷയ്ക്കായി നീക്കിവയ്ക്കപ്പെടുന്ന തുകയുടെ വിനിയോഗം സംബന്ധിച്ച സുതാര്യതയ്ക്കും പ്രാധാന്യം നല്‍കുന്നുണ്ടെന്ന് ബ്രാഡ്‌ലി കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രതിവര്‍ഷം 10 ബില്യണ്‍ ഡോളറാണ് അനുവദിക്കുന്നത്. എന്നിട്ടും മരണനിരക്കുകള്‍ വര്‍ധിക്കുന്നത് ആശങ്കയുളവാക്കുന്നതായും അദ്ദേഹം പറഞ്ഞു.