കഞ്ചാവ് കടത്തൽ; ഇന്ത്യൻ വംശജനെ തൂക്കിലേറ്റി സിംഗപ്പൂർ
ലഹരി കടത്തുകേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ വംശജനായ തങ്കരാജു സുപ്പയ്യയെ സിംഗപ്പൂരിൽ തൂക്കിലേറ്റി. ചാംഗി പ്രിസൺ കോപ്ലംക്‌സിൽ ബുധനാഴ്ച രാവിലെയാണ് വധശിക്ഷ നടപ്പിലാക്കിയത്. 2017ലാണ് കഞ്ചാവ് കടത്താൻ പദ്ധതിയിട്ടു എന്ന കേസിൽ സുപ്പയ്യയെ കുറ്റക്കാരനെന്ന് കണ്ടെത്തുന്നത്. കഞ്ചാവ് കടത്തിന്റെ ഗുഢാലോചനയിൽ തങ്കരാജുവിന് പങ്കുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സിംഗപ്പൂർ നിയമപ്രകാരം, വധശിക്ഷ ലഭിക്കാവുന്ന കഞ്ചാവിന്റെ അളവിൽ രണ്ടു മടങ്ങ് അധികമായിരുന്നു തങ്കരാജു ഉൾപ്പെട്ട കേസിൽ കണ്ടെത്തിയിരുന്നത്. തുടർന്ന് സുപ്പയ്യയ്ക്ക് 2018 ഒക്ടോബറിൽ വധശിക്ഷ വിധിക്കുകയായിരുന്നു. അപ്പീൽ കോടതിയും ശിക്ഷ ശരിവെച്ചു.
സുപ്പയ്യയുടെ വധശിക്ഷ നടപ്പാക്കരുതെന്ന് യു എൻ മനുഷ്യാവകാശ ഓഫീസ് ആവശ്യപ്പെട്ടത് അവഗണിച്ചാണ് നിയമം നടപ്പിലാക്കിയത്. യൂറോപ്യൻ യൂണിയൻ, ബ്രിട്ടീഷ് ശതകോടീശ്വരൻ റിച്ചഡ് ബ്രാൻസൻ, നിരവധി രാജ്യങ്ങളും സംഘടനകളും വ്യക്തികളും ശിക്ഷ നടപ്പിലാക്കുന്നതിനെതിരെ പ്രതികരിച്ചു. കഴിഞ്ഞ ആഴ്ച സുപ്പയ്യയുടെ കുടുംബം പ്രസിഡന്റിന് ദയാഹർജി നൽകിയിരുന്നെങ്കിലും ശിക്ഷാ ഇളവ് ലഭിച്ചില്ല. ശിക്ഷ വിധിച്ച് രണ്ട് വർഷത്തിനു ശേഷം 2022 മാർച്ചിലാണ് വധശിക്ഷാ നടപടികൾ സിംഗപ്പൂരിൽ പുനഃരാരംഭിച്ചത്.
സുപ്പയ്യ വാസ്തവത്തിൽ കഞ്ചാവ് കൈകാര്യം ചെയ്തിട്ടില്ലെന്നും ശരിയായ നിയമസഹായമോ, ചോദ്യം ചെയ്യലിൽ തമിഴ് പരിഭാഷകന്റെ സഹായമോ ലഭിച്ചിരുന്നില്ലെന്നും മനുഷ്യാവകാശ പ്രവർത്തകനായ കേഴ്സ്റ്റൻ ഹാൻ വെളിപ്പെടുത്തി.
നിയമം കടുപ്പിച്ച് സിംഗപ്പൂർ
രാജ്യത്ത് മയക്കുമരുന്ന് കടത്തുന്നവർക്ക് വധശിക്ഷയാണ് സിംഗപ്പൂരിലെ നിയമം. കഴിഞ്ഞ വർഷം മാത്രം ലഹരി കേസുകളുമായി ബന്ധപ്പെട്ട് 11 വധശിക്ഷകളാണ് സിംഗപ്പൂരിൽ നടപ്പിലാക്കിയത്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് ഇതേ ശിക്ഷ തന്നെയായിരിക്കും ലഭിക്കുകയെന്ന് നിയമപാലകർ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. മലേഷ്യയിലും മുമ്പ് സമാനമായ നിയമമുണ്ടായിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. അയൽരാജ്യമായ തയ്‌ലൻഡിൽ ലഹരിക്കടത്ത് കുറ്റകരമായിരുന്നെങ്കിലും മനുഷ്യാവകാശ പ്രവർത്തകരുടെ നിരന്തരമായ ഇടപെടലുകൾ മൂലം പിൻവലിച്ചു.
സമാനമായി സിംഗപ്പൂരിൽ നാഗേന്ദരൻ കെ ധർമ്മലിംഗത്തിന്റെ വധശിക്ഷ നടപ്പിലാക്കിയതിനെതിരെയും രാജ്യാന്തര തലത്തിൽ പ്രതിഷേധങ്ങളുയർന്നിരുന്നു. മാനസികരോഗിയായി പരിഗണിച്ചിരുന്ന ആളായിരുന്നു നാഗേന്ദരൻ.
ആഗോളതലത്തിൽ വധശിക്ഷ ഫലപ്രദമായിട്ടുള്ള ഒരു പ്രതിരോധമായി തെളിയിക്കപ്പെട്ടിട്ടില്ല. ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് മാത്രം അനുവദിക്കുന്ന വധശിക്ഷ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമവുമായി പൊരുത്തപ്പെടുന്നില്ലെന്നും ഐക്യരാഷ്ട്രസഭ സംഭവത്തിൽ പ്രതികരിച്ചു.