
കോഴിക്കോട് ട്രാക്കില്‍ വീണ്ടും മരം വീണു; ട്രെയിനുകള്‍ വൈകുന്നു
കോഴിക്കോട് ബേപ്പൂര്‍ മാത്തോട്ടത്ത് റെയില്‍വേ പാളത്തിലേക്ക് വീണ്ടും മരം വീണു. ഇന്ന് രാവിലെ 7.45 ഓടെ ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രാക്കിലാണ് മരം വീണത്. ഇന്നലെ രാത്രിയിലും കോഴിക്കോട് പാളത്തില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരുന്നു.
ഇന്ന് രാവിലെ രണ്ട് മണിക്കൂറോളം മാംഗ്ലൂര്‍ ഭാഗത്തേക്കും ഷൊര്‍ണൂര്‍ ഭാഗത്തേക്കുമുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നു. ഇതേ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടുകയാണ്.
മരം മുറിച്ചു മാറ്റുകയും സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തതിനെ തുടര്‍ന്ന് രാവിലെ 10.45 ഓടെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു.
ശക്തമായ കാറ്റിലും മഴയിലും പാളത്തിലേക്ക് മരം വീണ് ട്രാക്കിലെ ലൈന്‍ പൊട്ടിയിരുന്നു.
ഇന്നലെ രാത്രിയിലും ഇതേ സ്ഥലത്താണ് ട്രാക്കിലേക്ക് മരങ്ങള്‍ വീണത്. റെയില്‍വേ ദുരന്ത നിവാരണ ജീവനക്കാരാണ് തടസ്സം നീക്കി ഗതാഗതം പുനസ്ഥാപിച്ചത്. 12 മണിക്കൂറിനിടെ രണ്ട് തവണ മരങ്ങള്‍ വീണത് കാരണം ഈ റൂട്ടിലെ ട്രെയിനുകള്‍ അഞ്ച് മണിക്കൂറോളം വൈകിയാണ് ഓടുന്നത്.