
ആദിവാസിയെ കാറില്‍ വലിച്ചിഴച്ച സംഭവം: കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു
മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ കാറില്‍ വലിച്ചിഴച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി ഒ ആര്‍ കേളു പൊലീസിന് നിര്‍ദ്ദേശം നല്‍കി.
പയ്യംമ്പള്ളി കൂടല്‍ക്കടവ് ചെമ്മാട് പട്ടികവര്‍ഗ്ഗ ഉന്നതിയിലെ മാതന്‍ എന്നയാളെയാണ് റോഡിലൂടെ കാറില്‍ വലിച്ചിഴച്ചത്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി അടിയന്തിരമായി സ്വീകരിക്കാന്‍ വയനാട് ജില്ലാ പോലീസ് മേധാവിയോട് മന്ത്രി ആവശ്യപ്പെട്ടു.
സംഭവത്തില്‍ മാനന്തവാടി പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. മാതനെ വിദഗ്ധ ചികില്‍സയ്ക്കായി മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മാതന് ആവശ്യമായ വിദഗ്ധ ചികില്‍സ നല്‍കാനും മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനും പട്ടിക വര്‍ഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി.
പട്ടികവര്‍ഗക്കാരനായ യുവാവിനെതിരായ ആക്രമണത്തെ വളരെ ഗൗരവമായി കാണുന്നുവെന്നും മന്ത്രി ഒ ആര്‍ കേളു പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി കര്‍ശന ശിക്ഷ നല്‍കുന്നതിനുമുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ ഇതിനകം സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. കൂടല്‍ കടവില്‍ ചെക്ക്ഡാം കാണാനെത്തിയ വിനോദ സഞ്ചാരികളാണ് ഞായറാഴ്ച വൈകിട്ട് മാതനെ കാറില്‍ വലിച്ചിഴച്ചത്.