Photo: PTI
മണിപ്പൂരില്‍ പ്രതിഷേധവുമായി ഗോത്ര സംഘടന; അഞ്ചു ദിവസത്തേക്ക് നിരോധനാജ്ഞ
മണിപ്പൂരില്‍ മുഖ്യമന്ത്രി ബൈരേന്‍ സിംഗ് പങ്കെടുക്കേണ്ട വേദി ജനക്കൂട്ടം കത്തിച്ചതോടെ വ്യാപക സംഘര്‍ഷം. ഗോത്ര മേഖലയിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതിനെ തുടര്‍ന്നാണ് ചുരാചാന്ദ്പൂര്‍ ജില്ലയില്‍ സംഘര്‍ഷമുണ്ടായത്. പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അഞ്ചു ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കുകയും സംഘം ചേരലുകള്‍ ഒഴിവാക്കുകയും ചെയ്തു.
വിവിധ ഗോത്ര സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങള്‍ നടക്കുന്നത്. അക്രമം വ്യാപകമാകാതിരിക്കാന്‍ ചുരാചാന്ദ്പൂര്‍, ബിഷ്ണുപൂര്‍ എന്നിവിടങ്ങളില്‍ സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാഴാഴ്ചയാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ജിമ്മും ജനക്കൂട്ടം തീയിട്ടു.
കലാപത്തിനു പിന്നില്‍
സംരക്ഷിത വനങ്ങളും തണ്ണീര്‍ത്തടങ്ങളുമടക്കമുള്ള പ്രദേശങ്ങള്‍ സംബന്ധിച്ച് ബിജെപി സര്‍ക്കാര്‍ സര്‍വേ നടത്തുന്നതിനെതിരെയാണ് പ്രതിഷേധം നടക്കുന്നത്. അനധികൃത നിര്‍മാണത്തിന്റെ പേരില്‍ മൂന്ന് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ പൊളിച്ചുനീക്കിയതിനെതിരെയും പ്രതിഷേധം നടക്കുന്നുണ്ട്. വളരെ പവിത്രമായി കാണേണ്ട ദേവാലയങ്ങള്‍ യാതൊരു ബഹുമാനവും കൂടാതെയാണ് സര്‍ക്കാര്‍ തകര്‍ത്തതെന്നാണ് സംഘടനകളുടെ ആരോപണം. ട്രൈബല്‍ ലീഡേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് അക്രമങ്ങളെന്നാണ് സൂചന.
സംരക്ഷിത വനങ്ങളുടെയും നീര്‍ത്തടങ്ങളുടെയും സര്‍വെ നടത്തുന്നതിലൂടെ കര്‍ഷകരെയും ആദിവാസികളെയും കുടിയൊഴിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. സര്‍വെ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടും പിന്നോട്ട് പോകാത്ത സാഹചര്യത്തിലാണ് പ്രതിഷേധം. എന്നാല്‍, അനധികൃത നിര്‍മാണം പൊളിച്ചു നീക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടികളെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
സര്‍ക്കാരിന്റെ ഗോത്ര വിരുദ്ധനിലപാട്
2021 ലെ മണിപ്പൂര്‍ ഹില്‍ ഏരിയസ് ഓട്ടോണോമസ് ഡിസ്ട്രിക് കൗണ്‍സില്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. സംസ്ഥാനത്തെ ഗോത്ര മേഖലയ്ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ബില്‍. എന്നാല്‍, മണിപ്പൂര്‍ ഹില്‍ ഏരിയസ് ഓട്ടോണോമസ് ഡിസ്ട്രിക് കൗണ്‍സില്‍ 6, 7 ഭേദഗതി ബില്ലുകളാണ് സര്‍ക്കാര്‍ സഭയില്‍ വച്ചത്. പുതിയ ബില്ലുകള്‍ അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ കുറേനാളുകളായി പ്രതിഷേധക്കാര്‍ രംഗത്തുണ്ട്.
ഗോത്ര മേഖലയിലുള്ള ആളുകളുമായും സംഘടനകളുമായും ചര്‍ച്ച നടത്തിയാണ് 2021 ലെ ബില്‍ തയ്യാറാക്കിയത്. ഇത് പരിഗണിക്കാതെ, ചര്‍ച്ചകള്‍ പോലും നടത്താതെയാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചതെന്നും ബിജെപി സര്‍ക്കാരിന്റെ ഗോത്ര വിരുദ്ധ സമീപനമാണ് ഇതിനു പിന്നിലെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. നിരവധി പ്രതിഷേധങ്ങളും സമരങ്ങളും സര്‍ക്കാരിനെതിരെ ഇതിനകം നടന്നു കഴിഞ്ഞു.
പര്‍വത മേഖലയിലെയും താഴ്‌വരയിലെയും ജനങ്ങള്‍ക്കിടയില്‍ വലിയ അന്തരമാണ് മണിപ്പൂരില്‍ നിലനില്‍ക്കുന്നത്. നിലവിലെ ഓട്ടോണോമസ് ഡിസ്ട്രിക് കൗണ്‍സില്‍ നിയമത്തിന് ന്യൂനതകള്‍ ഉണ്ടെന്നും ഇതാണ് പര്‍വത മേഖലയിലെ ജനങ്ങളുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്നുമാണ് ആക്ഷേപം. എന്നാല്‍ ചര്‍ച്ച ചെയ്യാത്ത ഗോത്ര വിരുദ്ധ ബില്ലാണ് ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്.