
യു.എസിലേക്ക് കടക്കാന്‍ ശ്രമിച്ചു: ഇന്ത്യാക്കാരടക്കം 8 പേര്‍ മരിച്ച നിലയില്‍
കാനഡയില്‍ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് ദാരുണാന്ത്യം. കാനഡ പാസ്‌പോര്‍ട്ട് കൈവശമുള്ള റുമേനിയന്‍ വംശജരും മരിച്ചവരിലുണ്ട്. ആറു മുതിര്‍ന്നവരും രണ്ടു കുട്ടികളുമാണു മരിച്ചത്.
കാനഡയില്‍ നിന്ന് സെന്റ് ലോറന്‍സ് നദി മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. മരിച്ചവരില്‍ ആറുപേരുടെ മൃതദേഹങ്ങള്‍ ഒരു ബോട്ടിനടുത്തു ചതുപ്പില്‍ നിന്നു കണ്ടെത്തുകയായിരുന്നു.
മനുഷ്യക്കടത്ത് സംഘത്തിന്റെ പ്രധാന കടത്തുകേന്ദ്രമാണ് ഇവിടമെന്നാണ് പോലീസ് പറയുന്നത്. ഈ വര്‍ഷം ഇതുവഴി യുഎസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചവരുടെ എണ്ണം വര്‍ധിച്ചുവെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ജനുവരി മുതല്‍ 80 ല്‍ അധികം ആളുകളാണ് ഇതുവഴി കാനഡയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചത്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യന്‍, റുമേനിയന്‍ വംശജരാണ്.
അനൗദ്യോഗിക അതിര്‍ത്തി കടന്ന് കാനഡയിലേക്ക് വരുന്ന അഭയാര്‍ഥികളെ തടയാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ജസ്റ്റിന്‍ ട്രൂഡോയും കഴിഞ്ഞ ആഴ്ച ധാരണയിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷവും കാനഡയിലെ മാനിറ്റോബ പ്രവിശ്യയില്‍ യുഎസിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ നാലംഗ ഇന്ത്യന്‍ കുടുംബം മരിച്ചിരുന്നു.