TMJ
searchnav-menu
post-thumbnail

TMJ Daily

റേഷന്‍ അഴിമതി: തൃണമൂല്‍ നേതാവ് അറസ്റ്റില്‍; ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമം

06 Jan 2024   |   1 min Read
TMJ News Desk

റേഷന്‍ വിതരണ അഴിമതിക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ശങ്കര്‍ ആധ്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നടത്തിയ റെയ്ഡിനു പിന്നാലെയായിരുന്നു അറസ്റ്റ്. അറസ്റ്റിനെ തുടര്‍ന്ന് ഇഡി ഉദ്യോഗസ്ഥര്‍ക്കു നേരെ നാട്ടുകാരുടെ വ്യാപകപ്രതിഷേധവും ഉയര്‍ന്നു. 

റേഷന്‍ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ ശങ്കര്‍ ആധ്യയുടെയും ഷാജഹാന്‍ ഷെയ്ഖിന്റെയും വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. പശ്ചിമ ബംഗാള്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത വിവിധ എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലാണ് പിഡിഎസ് കുംഭകോണത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്. കേസില്‍ സഹകരിച്ചിട്ടും ശങ്കര്‍ ആധ്യയെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് ഭാര്യ ജ്യോത്സ്‌ന ആധ്യ ആരോപിച്ചു.

അര്‍ഹര്‍ തഴയപ്പെടുന്നു 

സംസ്ഥാനത്തെ ഗുണഭോക്താക്കള്‍ക്കുള്ള പൊതുവിതരണ സംവിധാനത്തിന്റെ 30 ശതമാനവും ശങ്കര്‍ ആധ്യയും ഷാജഹാനും പൊതുവിപണിയിലേക്ക് മറിച്ചുവെന്നാണ് അന്വേഷണ ഏജന്‍സിയുടെ വെളിപ്പെടുത്തല്‍. ചില റൈസ് മില്ലര്‍മാര്‍ കര്‍ഷകരുടെ  വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ തുറന്ന് നെല്‍കര്‍ഷകര്‍ക്ക് നല്‍കേണ്ട തുക സ്വന്തം പോക്കറ്റുകളിലാക്കിയതായും ഇഡി പറഞ്ഞു. വര്‍ഷങ്ങളായി സംസ്ഥാനത്തുടനീളം നിരവധി അരി മില്ലര്‍മാര്‍ ഇത്തരത്തില്‍ പണം തട്ടുന്നതായി ഇഡി ചൂണ്ടിക്കാട്ടി. നേരത്തെ പശ്ചിമ ബംഗാള്‍ ഭക്ഷ്യമന്ത്രിയായിരുന്ന ജ്യോതി പ്രിയോ മല്ലിക്കിനെ സമാനമായ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇയാളോട് അടുപ്പമുള്ള വ്യക്തിയാണ് ശങ്കര്‍ ആധ്യ.

ഉദ്യോഗസ്ഥര്‍ക്കു നേരെ അക്രമം

അറസ്റ്റിനിടെ ഒരു വിഭാഗം ആളുകള്‍ തങ്ങള്‍ക്കുനേരെ കല്ലെറിയുകയായിരുന്നുവെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കല്ലേറില്‍ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ലുകള്‍ തകര്‍ന്ന് മൂന്നുപേര്‍ക്ക് പരുക്കേറ്റു. തുടര്‍ച്ചയായ രണ്ടാംദിവസമാണ് ഇഡി ഉദ്യോഗസ്ഥര്‍ ആക്രമണം നേരിട്ടത്. ആധ്യയുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ ഇഡി സംഘത്തിന് എതിര്‍പ്പുകളൊന്നും നേരിടേണ്ടി വന്നില്ലെങ്കിലും ഷാജഹാന്‍ ഷെയ്ഖിന്റെ വീട്ടിലെത്തില ഉദ്യോഗസ്ഥര്‍ക്കുനേരെ അക്രമങ്ങള്‍ നടന്നു. വീട് പൂട്ടിക്കിടന്നതിനെ തുടര്‍ന്ന് ഒരുമണിക്കൂറോളം കാത്തുനിന്ന സംഘം പൂട്ടുപൊളിച്ച് അകത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്.

#Daily
Leave a comment