
തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണച്ചു; പനമരം പഞ്ചായത്തില്‍ യുഡിഎഫ് ഭരണം പിടിച്ചു
വയനാട്ടിലെ പനമരം പഞ്ചായത്ത് ഭരണം തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയോടെ യുഡിഎഫ് പിടിച്ചു. സംസ്ഥാനത്ത് തൃണമൂലിന്റെ പിന്തുണയോടെ യുഡിഎഫ് ഭരണം പിടിക്കുന്ന ആദ്യത്തെ തദ്ദേശസ്വയംഭരണ സ്ഥാപനമാണ് പനമരം പഞ്ചായത്ത്.
ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുവേണ്ടി മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി ലക്ഷ്മി ആലക്കാമുറ്റം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫില്‍നിന്നും തൃണമൂല്‍ കോണ്‍ഗ്രസ്സിലെത്തിയ ബെന്നി ചെറിയാന്റെ വോട്ടാണ് നിര്‍ണായകമായത്. പി വി അന്‍വര്‍ നിര്‍ദേശിച്ച പ്രകാരമാണ് യുഡിഎഫിന് വോട്ടുചെയ്തതെന്ന് ബെന്നി ചെറിയാന്‍ പറഞ്ഞു. ബെന്നി ചെറിയാന്‍ അടുത്തിടെയാണ് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
യുഡിഎഫിന് 12 വോട്ടു ലഭിച്ചപ്പോള്‍ എല്‍ഡിഎഫിന് 10 വോട്ടുകള്‍ ലഭിച്ചു. യുഡിഎഫ് ധാരണ പ്രകാരമാണ് പ്രസിഡന്റ് പദവി മുസ്ലിം ലീഗിന് ലഭിച്ചത്. പ്രസിഡന്റ് പദവി വനിതാ ജനറല്‍ സംവരണമായിരുന്നു.
നേരത്തെ, തദ്ദേശ തെരഞ്ഞെടുപ്പില്‍ പനമരം പഞ്ചായത്തില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് സിപിഐഎമ്മിലെ ആസ്യ പ്രസിഡന്റായിരുന്നു. എന്നാല്‍ ജനതാദള്‍എസ് അംഗമായിരുന്ന ബെന്നി ചെറിയാന്‍ അവിശ്വാസ പ്രമേയത്തില്‍ യുഡിഎഫിനെ പിന്തുണച്ചു. ഇതോടെ ആസ്യ പുറത്തായി.
കഴിഞ്ഞ ദിവസം നടക്കേണ്ട പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെച്ചൊല്ലി ലീഗിനുള്ളില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് യുഡിഎഫ് അംഗങ്ങള്‍ ഇന്നലെ തെരഞ്ഞെടുപ്പിന് എത്തിയില്ല. ക്വാറം തികയാത്തതിനെത്തുടര്‍ന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്നത്തേക്ക് മാറ്റി. മൂന്ന് വനിതാ അംഗങ്ങളുള്ള ലീഗിലെ ഹസീന ശിഹാബിനെ പഞ്ചായത്ത് കമ്മിറ്റി പിന്തുണച്ചെങ്കിലും ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് ഉയര്‍ന്നു.
തുടര്‍ന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ ഇടപെട്ട് ലക്ഷ്മി ആലക്കാമുറ്റത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കി പ്രശ്നം പരിഹരിച്ചു.