
ഭീകരതയ്‌ക്കെതിരായ വിദേശ പ്രചാരണം; യൂസഫ് പത്താനെ തൃണമൂല്‍ പിന്‍വലിച്ചു
പാകിസ്താനില്‍നിന്നുമുള്ള ഭീകരതയെക്കുറിച്ച് വിദേശ രാജ്യങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അയക്കുന്ന സര്‍വകക്ഷി എംപിമാരുടെ സംഘത്തില്‍ നിന്നും യൂസഫ് പത്താനെ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) പിന്‍വലിച്ചു. പാര്‍ട്ടിയുടെ പ്രതിനിധിയായി ഒരു എംപിയേയും അയക്കില്ലെന്ന നിലപാടിലാണ് ടിഎംസി.
ബഹറാംപൂര്‍ ലോകസഭ മണ്ഡലത്തില്‍നിന്നുള്ള എംപിയായ മുന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താനെ കേന്ദ്ര സര്‍ക്കാരാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റേയും ഓപ്പറേഷന്‍ സിന്ദൂറിന്റേയും പശ്ചാത്തലത്തില്‍ ഏഴ് സംഘങ്ങളെയാണ് വിദേശരാജ്യങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രചാരണത്തിന് അയക്കുന്നത്.
ടിഎംസിയില്‍ നിന്നും ഉള്‍പ്പെടുത്തിയിട്ടുള്ള ഏക അംഗമാണ് പത്താന്‍.
തൃണമൂലിന്റെ പ്രതിനിധിയെ കേന്ദ്രസര്‍ക്കാര്‍ എങ്ങനെ നിശ്ചയിക്കുമെന്ന് ടിഎംസിയുടെ ജനറല്‍ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനര്‍ജി പറഞ്ഞു.
പ്രതിനിധികളെ നിശ്ചയിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി അവര്‍ ചര്‍ച്ച നടത്തണമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃണമൂല്‍ ബഹിഷ്‌കരിക്കുന്നത് അല്ലെന്നും ദേശീയ സുരക്ഷ വിഷയം രാഷ്ട്രീയവല്‍ക്കരിക്കാത്ത ഏക പാര്‍ട്ടി തൃണമൂലാണെന്നും അദ്ദേഹം പറഞ്ഞു.
പത്താനെയോ മറ്റേതെങ്കിലും എംപിയെയോ അയക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാരിനെ തൃണമൂല്‍ അറിയിച്ചിട്ടുണ്ട്.


