TMJ
searchnav-menu
post-thumbnail

K BABU | PHOTO: WIKI COMMONS

TMJ Daily

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ്: എം സ്വരാജിന്റെ ഹര്‍ജി തള്ളി, കെ ബാബുവിന് എംഎല്‍എ ആയി തുടരാം

11 Apr 2024   |   1 min Read
TMJ News Desk

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വിധി പ്രഖ്യാപിച്ചു. തൃപ്പൂണിത്തുറ എംഎല്‍എ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എം സ്വരാജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കെ ബാബുവിന് എംഎല്‍എ സ്ഥാനത്ത് തുടരാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് പി ജി അജിത് കുമാര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്. 

വിധി വിചിത്രമാണെന്നും ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും എം സ്വരാജ് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ബോധ്യപ്പെട്ടതായിരുന്നുവെന്നും എം സ്വരാജ് കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് കൃത്രിമമായി ഉണ്ടാക്കിയ കേസാണിതെന്നും വിധി ആശ്വാസകരമെന്നും കെ ബാബു പ്രതികരിച്ചു.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നും വിജയിച്ച കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന എം സ്വരാജ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. മതവും വിശ്വാസവും ഉപയോഗിച്ച് തിരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാന്‍ ശ്രമിച്ചത് ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണെന്നും കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് എം സ്വരാജ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. വോട്ടര്‍മാര്‍ക്ക് നല്‍കിയ സ്ലിപ്പില്‍ കെ ബാബു അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചുവെന്നതാണ് ഹര്‍ജിയിലെ പ്രധാന വാദം. 

എം സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു കെ ബാബുവിന്റെ പ്രതികരണം. എന്നാല്‍ കേസ് നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ന്ന് കെ ബാബു സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കേസില്‍ വിചാരണ തുടരാനായിരുന്നു കോടതിയുടെ നിര്‍ദേശം. തുടര്‍ന്ന് ഹൈക്കോടതി വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു. അയ്യപ്പന്റെ ചിത്രം പതിച്ച വോട്ടേഴ്സ് സ്ലിപ്പ് ഉള്‍പ്പെടെ എം സ്വരാജ് സമര്‍പ്പിച്ച തെളിവുകള്‍ എല്‍ഡിഎഫ് കൃത്രിമമായി ഉണ്ടാക്കിയതാണെന്നായിരുന്നു കെ ബാബുവിന്റെ വാദം. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ ബാബു വിജയിച്ചത് 992 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു.


 

#Daily
Leave a comment