കെ ബാബു | PHOTO: WIKI COMMONS
തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് : ബാബുവിന്റെ ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ്
തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ കെ ബാബു നല്‍കിയ ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹര്‍ജി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാനായി മാറ്റി. മതചിഹ്നം ഉപയോഗിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചെന്ന ആരോപണത്തില്‍ ബാബുവിനെതിരെ ഫയല്‍ ചെയ്ത കേസ് നിലനില്‍ക്കുമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കെ ബാബു സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് ഹര്‍ജികള്‍ ഫയല്‍ ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ എതിര്‍കക്ഷിയായ എം സ്വരാജ് ഹൈക്കോടതിയില്‍ പാലിച്ചില്ലെന്ന് ബാബുവിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സിയു സിങും അഭിഭാഷകന്‍ റോമി ചാക്കോയും വാദിച്ചു. തുടര്‍ന്നാണ് കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
എം സ്വരാജിനുവേണ്ടി അഭിഭാഷകന്‍ പിവി ദിനേശ് നോട്ടീസ് സ്വീകരിച്ചു. 2021 ലെ തിരഞ്ഞെടുപ്പ് കേസാണെന്നും അതിനാല്‍ എത്രയും വേഗം ഹര്‍ജിയില്‍ വാദം കേള്‍ക്കണമെന്നും അദ്ദേഹം കോടതിയോണ് ആവശ്യപ്പെട്ടു.
സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കും
കെ ബാബു എംഎല്‍എയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി. മാര്‍ച്ച് 29 നാണ് കെ ബാബുവിന്റെ വിജയം റദ്ദാക്കണമെന്ന ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കിയത്. കേസ് നിലനില്‍ക്കില്ലെന്ന കെ ബാബുവിന്റെ ഹര്‍ജി കോടതി തള്ളുകയായിരുന്നു. കെ ബാബുവിനെതിരെ എം സ്വരാജ് നല്കിയ ഹര്‍ജിയില്‍ നടപടി തുടരാമെന്ന് ഹൈക്കോടതി പരാമര്‍ശിച്ചു.
സ്വാമി അയ്യപ്പന്റെ പേര് പറഞ്ഞ് കെ ബാബു വോട്ട് തേടിയത് തിരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ബാബുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കി, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് സ്വരാജ് ഹര്‍ജി നല്കിയത്. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് മണ്ഡലത്തില്‍ വിതരണം ചെയ്ത തിരഞ്ഞെടുപ്പ് സ്ലിപ്പുകളില്‍ കെ ബാബുവിന്റെ പേരും ചിഹ്നവും ഉള്‍പ്പെട്ടിരുന്നു. ഈ ഹര്‍ജി നിലനില്‍ക്കില്ല എന്നതായിരുന്നു കെ ബാബുവിന്റെ തടസവാദം. ഈ തടസവാദമാണ് കോടതി തള്ളിയത്. പ്രചരണത്തിന് മത ചിഹ്നങ്ങള്‍ ഉപയോഗിച്ചു എന്ന വിഷയം നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.