ഇൽക്കായ് ഗുണ്ടോആൻ | PHOTO: INSTAGRAM
ട്രബിൾ വിന്നിങ് ക്യാപ്റ്റൻ ബാഴ്‌സയിൽ
ചാമ്പ്യൻസ് ലീഗ് വിജയികളായ മാഞ്ചസ്റ്റർ സിറ്റിയുടെ ക്യാപ്റ്റനും പ്രധാന മധ്യനിര താരവുമായ ഇൽക്കായ് ഗുണ്ടോആനെ തങ്ങളുടെ കൂടാരത്തിൽ എത്തിച്ചിരിക്കുകയാണ് സ്പാനിഷ് ചാമ്പ്യന്മാരായ എഫ്സി ബാഴ്‌സലോണ. ഈ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന താരം, ക്ലബ്ബിനായ് എഫ്എ കപ്പ്, പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് തുടങ്ങിയ ടൈറ്റിലുകൾ നേടിയിട്ടുണ്ട്. തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിൽ തുടരുന്ന ജർമൻ താരത്തെ ഫ്രീ ഏജന്റ് ആയിട്ടാണ് ബാഴ്‌സലോണ സൈൻ ചെയ്തത്. 2025 വരെയുള്ള കരാറിലാണ് ഗുണ്ടോആൻ ഒപ്പു വെച്ചതെങ്കിലും 2026 വരെ നീട്ടാനുള്ള അവസരവുമുണ്ട്. 400 മില്യൺ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസായി ബാഴ്‌സലോണ നിശ്ചയിച്ചിരിക്കുന്നത്.
എത്തിഹാദ് സ്റ്റേഡിയത്തിൽ
2016 ജർമൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നാണ് ഗുണ്ടോആൻ സിറ്റിയിലേക്ക് എത്തിയത്. സിറ്റിക്കായി 304 മത്സരങ്ങളിൽ നിന്ന് 60 ഗോളുകളും 40 അസിസ്റ്റുകളും നേടി. മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോളയുടെ ആദ്യ സൈനിങ് ആയ ഗുണ്ടോആൻ 5 പ്രീമിയർ ലീഗ് കിരീടം ഉൾപ്പെടെ 14 കിരീടങ്ങൾ നേടിയിട്ടുണ്ട്. 2022ൽ ബ്രസീലുകാരൻ ഫെർണാണ്ടിന്യോ, സിറ്റിയുടെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ ഇദ്ദേഹം ക്യാപ്റ്റനായി. ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റി അവരുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുമ്പോൾ ടീമിൽ നിർണായക സ്ഥാനമാണ് ഈ മധ്യനിര താരം വഹിച്ചത്. 2021-22 പ്രീമിയർ ലീഗിലെ അവസാന മാച്ച് ഡേയിൽ ആസ്റ്റൺ വില്ലയ്‌ക്കെതിരായി രണ്ട് ഗോളുകൾ അടിച്ച് കിരീടം ഉറപ്പിച്ച ഗുണ്ടോആനെ ഫുട്‌ബോൾ ആരാധകർ ഒരിക്കലും മറക്കാൻ സാധ്യതയില്ല.
ദേശീയ ടീമിൽ
2011ൽ ജർമൻ ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ച ഈ 32കാരൻ ടീമിനായി 67 മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ നേടി. ജർമനിയുടെ അണ്ടർ 18 മുതൽ 21 വരെയുള്ള ജൂനിയർ ടീമിന് വേണ്ടിയും ഗുണ്ടോആൻ കളിച്ചിട്ടുണ്ട്. 2011ൽ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചെങ്കിലും ജർമ്മനി ചാമ്പ്യന്മാരായ 2014 ലോകകപ്പ് സ്‌ക്വാഡിൽ താരം ഉണ്ടായിരുന്നില്ല. രണ്ട് യൂറോ കപ്പിലും രണ്ട് ലോകകപ്പിലും ജർമനിക്കായ് ഗുണ്ടോആൻ ബൂട്ട് കെട്ടിയിട്ടുണ്ട്. ബാഴ്‌സലോണയ്ക്കായി കളിക്കുന്ന 18-ാമത്തെ ജർമൻ താരമാണ് ഇദ്ദേഹം.
ഗുണ്ടോആനെ സ്വീകരിച്ച് ബാഴ്‌സ
വലിയ പ്രതീക്ഷയോടെയാണ് ബാഴ്‌സ ആരാധകർ ഗുണ്ടോആനെ ക്യാമ്പ് നൗവിലേക്ക് സ്വീകരിക്കുന്നത്. ബാഴ്‌സയുടെ എക്കാലത്തെയും മികച്ച താരങ്ങളായ സെർജിയോ ബുസ്‌കെറ്റ്‌സ്, ജെറാർഡ് പിക്കേ, ജോർദി ആൽബ എന്നിവർ ഈ കഴിഞ്ഞ സീസണോടെ ക്ലബ് വിട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം ലയണൽ മെസ്സിയെ പിഎസ്ജിയിൽ നിന്ന് തിരിച്ചെത്തിക്കാനും ബാഴ്‌സയ്ക്കായിരുന്നില്ല. ജോഷ്വ കിമ്മിച്ച്, ജാവ കേൻസെലോ, സോഫിയൻ അംറബാത്ത്, മാർട്ടിൻ സുബിമെന്റി തുടങ്ങി നിരവധി താരങ്ങൾ ബാഴ്‌സയുടെ പരിഗണനയിലുണ്ട്. ബ്രസീലിന്റെ വളർന്നു വരുന്ന താരമായ വിറ്റർ റോക്വിനെ ലെവൻഡോസ്‌കിയുടെ ബാക്കപ്പായി ടീമിലേക്ക് എത്തിക്കാൻ ബാർസലോണ ബോർഡ് ശ്രമം ആരംഭിച്ച് കഴിഞ്ഞു.