TMJ
searchnav-menu
post-thumbnail

TMJ Daily

ഈജിപ്തിൽ നിന്നും ഗാസയിലേക്ക് സഹായവുമായി ട്രക്കുകൾ യാത്ര ആരംഭിച്ചു

27 Jul 2025   |   1 min Read
TMJ News Desk

നങ്ങൾക്ക് അവശ്യസാധനങ്ങളുമായി ഈജിപ്ഷ്യൻ ട്രക്കുകൾ പലസ്തീനിലെ ഗാസയിലേക്ക് നീങ്ങിതുടങ്ങിയെന്ന് ഈജിപ്ഷ്യൻ മാധ്യമമായ അൽ ഖഹേര ന്യൂസ് ടിവി റിപ്പോർട്ട് ചെയ്തു. ഗാസയിലെ പട്ടിണിമരണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അന്തരാഷ്ട്രതലത്തിൽ നിന്നുമുള്ള സമ്മർദ്ദമാണ് സഹായങ്ങൾ കടത്തിവിടാൻ ഇസ്രായേലിനെ നിർബന്ധിതരാക്കിയത്. ഗാസയിലേക്ക് എയർഡ്രോപ്പുകളായി(airdrop) സഹായങ്ങൾ നൽകാൻ ആരംഭിച്ചെന്നും, ഗാസയിലെ മാനുഷിക പ്രതിസന്ധി മറികടക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും ഇസ്രായേൽ അറിയിച്ചു.

20 ലക്ഷത്തിൽപ്പരം ആളുകൾ ഗാസയിൽ പട്ടിണിമൂലം വലയുകയാണെന്നും, ഇസ്രായേൽ ആക്രമണത്തിന് പുറകെ, കുട്ടികളടക്കമുള്ളവരുടെ മരണങ്ങൾക്ക് ഇത് പ്രധാന കാരണമാകുന്നുവെന്നും അന്താരാഷ്ട്ര സംഘടനകളടക്കം റിപ്പോർട്ട് ചെയ്തിരുന്നത് ഫ്രാൻസ്, ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളെ പ്രതികരിക്കാൻ നിർബന്ധിതരാക്കി. എന്നാൽ ഭക്ഷണവുമായുള്ള ട്രക്കുകൾ ഇസ്രായേൽ കടത്തിവിട്ടിരുന്നു എന്നും, യുണൈറ്റഡ് നേഷൻസ്(UN) അവ കൃത്യമായി വിതരണം ചെയ്യാത്തതുമാണ് ഗാസയിലെ പ്രതിസന്ധിക്ക് കാരണമെന്ന് ഇസ്രായേൽ ആരോപിച്ചു. എന്നാൽ ഇസ്രായേൽ നിയന്ത്രണങ്ങൾക്ക് കീഴിൽ തങ്ങളുടെ കഴിവിന്റെ പരമാവധിയിൽ, തങ്ങളാൽ ആവുന്നത് ഗാസയിൽ ചെയ്യുന്നുണ്ടെന്ന് യുഎൻ പ്രതികരിച്ചു. വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും, തങ്ങളുടെ തൊഴിലാളികൾ ഉൾപ്പടെ ഗാസയിൽ പട്ടിണിയിലാണെന്ന് സംയുക്ത പ്രസ്താവനയിൽ അറിയിച്ചത് കഴിഞ്ഞ ദിവസമാണ്.

ഭക്ഷണമടക്കമുള്ള സഹായങ്ങളുമായി എയർഡ്രോപ്പുകൾ ഗാസയിൽ ലഭിച്ചുതുടങ്ങിയെന്ന് പലസ്തീനിൽ നിന്നും സ്ഥിരീകരണം ഉണ്ടായതായി റോയ്റ്റേഴ്സ് റിപ്പോർട്ട് ചെയ്തു. ഗാസയിൽ പട്ടിണിയില്ലെന്നും, ഇത് വെറും വ്യാജപ്രചാരണം മാത്രമാണെന്നും ഇസ്രായേലി ഡിഫൻസ് ഫോഴ്സ്(IDF) പ്രതികരിച്ചു.


#Daily
Leave a comment