TMJ
searchnav-menu
post-thumbnail

TMJ Daily

ചൈനക്ക് 100 ശതമാനം തീരുവ: ട്രംപ്

11 Oct 2025   |   1 min Read
TMJ News Desk

ചൈനക്ക് മേൽ 100% അധിക തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെ തീരുവയ്ക്ക് പുറമെയാണ് പുതിയ തീരുമാനം. നവംബർ 1 മുതൽ എല്ലാ ചൈനീസ് ഇറക്കുമതികൾക്കും 100 ശതമാനം അധിക തീരുവ ചുമത്താനും ചൈനയിലേക്കുള്ള യുഎസ് നിർമ്മിത സോഫ്റ്റ്‌വെയറുകളിൽ കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമാണ് ട്രംപിന്റെ തീരുമാനം. 

ലോകത്തിലെ പ്രധാന സമ്പദ്‌വ്യവസ്ഥകളായ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം വർദ്ധിപ്പിക്കാൻ സാധ്യതയുള്ള ഒരു നീക്കമായി ഇതിനെ കണക്കാക്കുന്നു. ട്രംപിന്റെ ആദ്യ ഭരണകാലത്ത് നടന്ന വ്യാപാര യുദ്ധങ്ങൾക്ക് ശേഷം വാഷിംഗ്ടൺ എടുക്കുന്ന ഏറ്റവും കടുത്ത നടപടികളിൽ ഒന്നായിരിക്കും ഇത്.

നിർമ്മിക്കുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ചൈന പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് ഈ തീരുമാനമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയുടെ സമാനമായ രീതിയിൽ ചൈനയും താരിഫ് വർദ്ധിപ്പിച്ചാൽ ആഗോള വിപണിയിൽ വൻ പ്രത്യാഗാതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. 

പുതിയ തീരുമാനം ആഗോള വിതരണ ശൃംഖലകളെയും മറ്റ് രാജ്യങ്ങളിലെ കമ്പനികളെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധർ. ഇത് അമേരിക്കയിൽ തന്നെ വിലക്കയറ്റത്തിന് കാരണമാകുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

#Daily
Leave a comment