TMJ
searchnav-menu
post-thumbnail

PHOTO: WIKI COMMONS

TMJ Daily

വിലക്കിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ട്രംപ് 

04 Jan 2024   |   1 min Read
TMJ News Desk

2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള വിലക്കിനെതിരെ യുഎസ് സുപ്രീം കോടതിയെ സമീപിച്ച് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കിക്കൊണ്ടുള്ള കൊളറാഡോ കോടതി വിധി റദ്ദാക്കണം എന്നാണ് ട്രംപിന്റെ ആവശ്യം. 

പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതില്‍ നിന്ന് ട്രംപിനെ വിലക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ സംസ്ഥാനങ്ങളിലെ കോടതികളില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. വിഷയത്തില്‍ സുപ്രീം കോടതി  വിധി രാജ്യവ്യാപകമായി ബാധകമായിരിക്കും. 

ട്രംപ് അയോഗ്യന്‍

ഡിസംബര്‍ 20 നാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രംപിനെ വിലക്കിക്കൊണ്ട് കൊളറാഡോ സുപ്രീം കോടതി വിധിപുറപ്പെടുവിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഭരണഘടനയുടെ 14-ാം ഭേദഗതിയുടെ വകുപ്പുപ്രകാരം ട്രംപ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നതിന് അയോഗ്യനാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. പ്രക്ഷോഭത്തിലോ കലാപത്തിലോ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥരെ അധികാരം വഹിക്കുന്നതില്‍ നിന്ന് വിലക്കുന്നതാണ് 14-ാം ഭേദഗതി. 

അമേരിക്കയുടെ ചരിത്രത്തില്‍ അയോഗ്യനാക്കപ്പെടുന്ന ആദ്യ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ട്രംപ്. കൊളറാഡോയ്ക് പിന്നാലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും മെയ്ന്‍ സംസ്ഥാനവും ട്രംപിനെ വിലക്കിയിട്ടുണ്ട്. ക്യാപ്പിറ്റോള്‍ ആക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചുതന്നെയാണ് നടപടി. 2021 ജനുവരി ആറിന് നടന്ന സംഭവം ട്രംപിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും അദ്ദേഹത്തിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് ആക്രമണം നടന്നത്, നമ്മുടെ ഗവണ്‍മെന്റിന്റെ അടിത്തറയ്ക്കെതിരായ ആക്രമണം യുഎസ് ഭരണഘടന വെച്ചുപൊറുപ്പിക്കില്ല എന്നും ട്രംപിനെതിരെയുള്ള വിധിന്യായത്തില്‍ പറയുന്നുണ്ട്. 

തിരഞ്ഞെടുപ്പ് സാധ്യത മങ്ങുന്നു

2024 ലെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ ഏറെ സാധ്യത കല്‍പിക്കപ്പെടുന്ന വ്യക്തിയാണ് ട്രംപ്. കോടതിവിധികള്‍ ട്രംപിന്റെ തിരഞ്ഞെടുപ്പ് സാധ്യതകള്‍ക്ക് മുകളിലാണ് കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്. 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു പിന്നാലെ ജോ ബൈഡന്‍ യുഎസ് പ്രസിഡന്റായി അധികാരത്തിലേറുന്നത് ചെറുക്കാന്‍ ക്യാപിറ്റോളില്‍ വന്‍ സംഘര്‍ഷമാണ് നടന്നത്. ഇതിനു നേതൃത്വം നല്‍കിയത് ഡൊണാള്‍ഡ് ട്രംപാണെന്ന ആരോപണങ്ങള്‍ ശക്തമാണ്.


#Daily
Leave a comment